s

ഹൗസ്ബോട്ട്, റിസോർട്ട് ബുക്കിംഗിന് തിരക്ക്

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കൊരുങ്ങി റിസോർട്ടുകളും ഹൗസ് ബോട്ടുകളും. ക്രിസ്മസ് ദിനത്തിനു പിന്നാലെ രണ്ട് അവധി ദിനങ്ങൾ ഒരുമിച്ച് വരുന്നതിനാൽ നിരവധിപേരാണ് കുടുംബമായി എത്താൻ ബുക്കിംഗ് നടത്തിയിരിക്കുന്നത്. ഇതോടെ അവസാന നിമിഷം മുറി തേടി എത്തുന്നവർക്ക് മനസിനിണങ്ങിയത് കിട്ടാനില്ലാത്ത അവസ്ഥയാണ്.

ഡിമാൻഡ് വർദ്ധിച്ചതോടെ റിസോർട്ടുകളിലും വില്ലകളിലും നിരക്കിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായിരുന്ന നിരക്കിൽ നിന്നു 3000- 5000 രൂപയുടെ വർദ്ധനവാണ് പല റിസോർട്ടുകാരും ആഘോഷകാലത്ത് വരുത്തിയിരിക്കുന്നത്. ഏറെ നാളത്തെ അടച്ചിരിപ്പിനു ശേഷം വരുന്ന ആഘോഷമായതിനാൽ സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഒരു പകലും രാത്രിയും ചിലവഴിക്കുന്നതിന് 3000 മൂതൽ 20,000 രൂപ വരെ ഈടാക്കുന്ന റിസോർട്ടുകൾ ജില്ലയിലുണ്ട്. നിരക്ക് മാറുന്നതനുസരിച്ച് സേവനങ്ങളിലും കാര്യമായ വ്യത്യാസമുണ്ട്. ആഘോഷ സീസണായതോടെ ഹൗസ് ബോട്ട് ബുക്കിംഗും വർദ്ധിച്ചു.

പ്രിയം മാരാരി

ആലപ്പുഴ ബീച്ച്, റിസോർട്ടുകൾ എന്നിവയെക്കാൾ സഞ്ചാരികൾക്ക് പ്രിയം മാരാരിക്കുളത്തെ മാരാരി ബീച്ചിനോടും റിസോർട്ടുകളോടും. ശാന്തമായ അന്തരീക്ഷവും, സുഖ സൗകര്യങ്ങളുമാണ് കൂടുതൽപേരെ അവിടേക്ക് ആകർഷിക്കുന്നത്. അന്യ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമടക്കം മാരാരി ബീച്ചിൽ ദിവസം ചിലവഴിക്കാൻ എത്തുന്നവരുണ്ട്. റിസോർട്ടുകളിൽ ഇതിനകം ബുക്കിംഗ് പൂർണമായി. ഹോം സ്റ്റേകളിലും, വില്ലകളിലും ബുക്കിംഗ് തുടരുകയാണ്.

നിയന്ത്രിത യാത്ര

ഹൗസ് ബോട്ടുകളിൽ പരമാവധി പത്ത് പേരടങ്ങിയ കുടുംബത്തിനാണ് നിലവിൽ അനുമതിയുള്ളത്. അതുകൊണ്ടുതന്നെ സുഹൃദ് സംഘങ്ങളുടെ ബുക്കിംഗ് ബോട്ടുടമകൾക്ക് എടുക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ ഒരു വർഷത്തോളമായി കാര്യമായ ഓട്ടം ഇല്ലാത്തതിനാൽ ഭൂരിഭാഗം ബോട്ടുകളും അറ്റകുറ്റപ്പണിക്ക് കയറ്റിയിട്ടിരിക്കുകയാണ്. നീറ്റിലുള്ള ബോട്ടുകൾക്ക് ഭേദപ്പെട്ട ബുക്കിംഗുകൾ വരുന്നുണ്ട്. ട്രാവൽ ഏജൻസികൾ, ഡി.ടി.പി.സി എന്നിവ വഴിയാണ് ബുക്കിംഗ്.

മാറിമറിഞ്ഞ് നിരക്ക്

ക്രിസ്മസ് എത്തിയതോടെ ഒറ്റയടിക്കാണ് പല റിസോർട്ടുകളും നിരക്ക് ഉയർത്തിയത്. ഒരു പകലും രാത്രിയും തങ്ങുന്നതിന് കഴിഞ്ഞയാഴ്ച 5000 രൂപ പറഞ്ഞ അതേ റിസോർട്ടിൽ ഇപ്പോൾ റൂം നിരക്ക് 7000ത്തിന് മുകളിലാണ്. ഒരു രാത്രിയും പിറ്റേ ദിവസത്തെ പ്രഭാത ഭക്ഷണവും ഉൾപ്പെടുന്ന പാക്കേജിന് ചുരുങ്ങിയത് 10,000 നൽകണം. സ്വിമ്മിംഗ് പൂൾ സൗകര്യം ഉൾപ്പെടുമ്പോൾ ചാർജ് 13,000 കടക്കും. സീ വ്യൂ ലഭിക്കുന്ന മുറി, സൈക്ലിംഗ്, പൂൾ, യോഗ എന്നിവ ചേരുമ്പോൾ നിരക്ക് 20,000 എത്തും. ആയുർവേദ മസാജുകൾ വേണമെങ്കിൽ അധിക പണം നൽകണം.

ലാഭം ഓൺലൈൻ

ഹോട്ടലുകളിൽ നേരിട്ടെത്തിയോ വിളിച്ചോ ബുക്ക് ചെയ്യുന്നതിലും ലാഭം വിവിധ ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കുന്നതാണെന്ന് സ്ഥിരമായി യാത്ര ചെയ്യുന്നവർ സാക്ഷ്യപ്പെടുത്തുന്നു. ഓഫറുകൾ നൽകുന്നതിനാൽ കുറഞ്ഞ നിരക്കിൽ മുറികൾ ബുക്ക് ചെയ്യാം. യാത്ര ഒഴിവാക്കേണ്ടി വന്നാൽ പണം നഷ്ടപ്പെടാതെ തന്നെ മുറി കാൻസൽ ചെയ്യാനും സാധിക്കും.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി നിരവധിപേർ വിളിക്കുന്നുണ്ട്. ജില്ലയിലെ ഭൂരിഭാഗം ഹൗസ് ബോട്ടുകളും മുൻകൂർ ബുക്ക് ചെയ്യപ്പെട്ടു. റിസോർട്ടുകളിൽ 80 ശതമാനത്തിലധികവും ബുക്ഡാണ്

എം.മാലിൻ, ഡി.ടി.പി.സി സെക്രട്ടറി