പലകേസുകളിലും പ്രതികളെ പിടികൂടാനായില്ല

ആലപ്പുഴ: ജനങ്ങളുടെ സ്വൈര്യജീവിതത്തിനു ഭീഷണിയായി നഗരത്തിൽ മോഷണങ്ങൾ വർദ്ധിച്ചു. ചെറുതും വലുതുമായ പല മോഷണ കേസുകളിലും പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ ജനറൽ ആശുപത്രിക്ക് സമീപത്തെ മൊത്ത വില്പനശാലയിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ സ്വർണവും രൂപയും കവർന്ന കേസിലെ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഇയാളുടെ സി.സി.ടി.വി ദൃശ്യമുൾപ്പടെ വ്യാപകമായി പ്രചരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. ദിവസങ്ങൾക്ക് മുമ്പാണ് കൊട്ടാരപ്പാലത്തിന് സമീപം മാലിന്യ ശേഖരണ കേന്ദ്രത്തിലെ ജീവനക്കാരിയുടെ സ്വർണമാല ബൈക്കിലെത്തിയ സംഘം അപഹരിച്ചത്. സമീപത്ത് സി.സി.ടിവികൾ ഇല്ലാത്തതിനാൽ യാതൊരു സൂചനകളും ലഭിക്കാത്ത ഈ കേസിലും പ്രതികൾ കാണാമറയത്താണ്. പുന്നപ്രയിലെ വീട്ടിൽ നടന്ന മോഷണക്കേസിലും അന്വേഷണം തുമ്പ് കിട്ടാതെ ഇഴയുന്നു. നഗരമദ്ധ്യത്തിലെ ഒരു സ്ഥാപനത്തിൽ നിന്ന് കഴിഞ്ഞ ദിവസം ഇൻവെർട്ടർ കവർന്നത് മനോദൗർബല്യമുള്ളയാളാണെന്ന് കണ്ടെത്തി. ഇയാളിൽ നിന്ന് തൊണ്ടി മുതൽ കണ്ടെത്തി . തിങ്കളാഴ്ച്ചയാണ് നഗരത്തിൽ വൺ ഗ്രാം തങ്കം വിൽക്കുന്ന കടയിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നത്. മാസങ്ങൾക്ക് മുൻപ് നടന്ന കവർച്ചാ കേസിൽ രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തീരപ്രദേശത്ത് മത്സ്യബന്ധന ഉപകരണങ്ങൾ മോഷണം പോകുന്ന കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ബസ് സ്റ്റാൻഡിൽ സുരക്ഷ ശക്തമാക്കി

സർവീസുകളും യാത്രക്കാരും വർദ്ധിച്ചതോടെ ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പൊലീസ് സുരക്ഷ ശക്തമാക്കി. സർവീസുകൾ കുറവായതിനാൽ ഡ്യൂട്ടിക്ക് ഒരു പൊലീസുകാരൻ മാത്രമാണ് നേരത്തേേ ഉണ്ടായിരുന്നത്. ഇന്നലെ മുതൽ സ്ഥലത്ത് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.

പരാവധി കേസുകളിൽ പ്രതികളെ പിടികൂടാൻ സാധിക്കുന്നുണ്ട്. ഒറ്റപ്പെട്ട കേസുകളിലാണ് പ്രതികളെ കിട്ടാനുള്ളത്. വ്യക്തമായ തെളിവുകളോടെ ഉടൻ അറസ്റ്റുണ്ടാവും

- പി.എസ്.സാബു, ജില്ലാ പൊലീസ് മേധാവി, ആലപ്പുഴ