ആലപ്പുഴ: ജല അതോറിട്ടി ഹരിപ്പാട് സബ് ഡിവിഷന്റെ കീഴിൽ പമ്പ് ഓപ്പറേറ്റർമാരായി ജോലി ചെയ്തവർക്ക് ലഭിക്കാനുള്ള വേതനം അടിയന്തരമായി ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. എന്നാൽ ജോലിയിൽ തുടരാൻ തൊഴിലാളികൾക്ക് അർഹതയില്ലെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ വ്യക്തമാക്കി.
തൊഴിലാളികൾക്ക് നിയമനത്തിന് നിയമപരമായി അർഹതയില്ലെന്ന് ഹൈക്കോടതി വിധിച്ച സാഹചര്യം കമ്മിഷൻ ചൂണ്ടിക്കാട്ടി. ജല അതോറിറ്റി ഹരിപ്പാട് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. അതോറിറ്റിയിലെ കരാറുകാർ വഴി കരാർ തൊഴിലാളികളെ നിയമിക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് സ്ഥിരനിയമനത്തിന് യാതൊരു അവകാശവുമില്ലെന്ന ഹൈക്കോടതി വിധി നിലവിലുണ്ട്. ഇതേ വിധിയിൽ കരാർ നിയമനങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്
പരാതിക്കാരായ തൊഴിലാളികളെ ഒഴിവാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജോലി ചെയ്ത കാലത്തെ കൂലി കിട്ടാൻ പരാതിക്കാർക്ക് അർഹതയും അവകാശവുമുണ്ടെന്ന്
കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാർക്ക് വേതന കുടിശിക കൊടുക്കാനുള്ള രണ്ടു ഗഡു ഹെഡ് ഓഫീസിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇത് തൊഴിലാളികൾക്ക് നൽകി. ബാക്കി തുക ലഭിക്കുന്ന മുറയ്ക്ക്
നൽകുമെന്ന് ജല അതോറിറ്റി കമ്മീഷനെ അറിയിച്ചു. തൊഴിലാളികളായ ശങ്കരൻ, ഗോപി, ഹുസൈൻകുഞ്ഞ്, രമേശൻ, സരിത്ത്,
സുധർശൻ, റഹിം, നോബി, സുധീഷ്, ബിബിൻ ദാസ് എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.