ആലപ്പുഴ: ദേശീയ യുവജനോത്സവത്തിന്റെ മുന്നോടിയായി കേന്ദ്ര യുവജനകാര്യ,കായിക മന്ത്റലയത്തിന്റെ നേതൃത്വത്തിൽ നെഹ്രു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്‌കീം, യുണൈ​റ്റഡ്‌ നേഷൻ ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന നാഷണൽ യൂത്ത് പാർലമെന്റിൽ പങ്കെടുക്കാൻ യുവതീയുവാക്കൾക്ക് അവസരം. പ്രാഥമിക ഘട്ടത്തിൽ ജില്ലാതലത്തിൽ നടത്തുന്ന യൂത്ത് പാർലമെന്റിൽ 18-25 പ്രായ വിഭാഗത്തിൽപ്പെടുന്നവർക്ക് ഡിസംബർ 30ന് പങ്കെടുക്കാം. പരിപാടിയിൽ പങ്കെടുക്കുന്നവർ നാലു മിനുട്ടിൽ കൂടാതെയുള്ള സമയം നിശ്ചിത വിഷയത്തിൽ പ്രസംഗിക്കണം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ മോഡിലായിരിക്കും മത്സരം. വിഷയം പിന്നീട് നൽകും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഒന്ന് തിരഞ്ഞെടുക്കാം. ദേശീയ മത്സരം ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമായിരിക്കും. ജില്ലാതല മത്സരത്തിൽ നിന്നും ജൂറി തിരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതല മത്സര വിജയികൾക്ക് ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ യുവ പാർലമെന്റിൽ പങ്കെടുക്കാം. ദേശീയ മത്സരത്തിലെ ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം രണ്ടു ലക്ഷം, ഒന്നര ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെ ക്യാഷ് പ്രൈസും സർട്ടിഫിക്ക​റ്റും ലഭിക്കും. താൽപ്പര്യമുള്ളവർ ഡിസംബർ 27 നകം അതത് ജില്ലകളിലെ നെഹ്റു യുവ കേന്ദ്ര ഓഫിസിൽ പേർ രജിസ്​റ്റർ ചെയ്യണം.