
ആലപ്പുഴ: നഗരത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ കളക്ട്രേറ്റിന് സമീപം അഞ്ച് തെരുവുനായകളാണ് ചത്ത് കിടന്നത്. കാഞ്ഞിരത്തിന്റെ തൊലി ചേർത്ത് ഭക്ഷണം നൽകി നായ്ക്കളെ കൊന്നതെന്നാണ് സംശയം. ചിലയിടങ്ങളിൽ ഭക്ഷണ അവശിഷ്ടത്തിന്റെ കൂടെ കാഞ്ഞിരത്തിന്റെ തൊലിയും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മുല്ലയ്ക്കൽ ഭാഗത്തും രണ്ടു തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇവിടങ്ങളിലും ഭക്ഷണത്തോടൊപ്പം കാഞ്ഞിരത്തിന്റെ തൊലി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഒരു സംഘം തന്നെയാണ് നായ്ക്കളെ കൊന്നതെന്നസംശയം ബലപ്പെടുന്നത്. നായ്ക്കളുടെ ജഡം നഗരസഭ ശുചീകരണ വിഭാഗമെത്തി കുഴിച്ചു മൂടി. തെരുവുനായ്ക്കളെ സംരക്ഷിക്കുന്നവർക്കെതിരെ ഒരു സംഘം ആളുകൾ സമൂഹമാദ്ധ്യമത്തിൽ ക്യാമ്പയിൻ നടത്തുന്നതായി ആനിമൽ പെറ്റ് ലൗവേഴ്സ് എന്ന സംഘടന ആരോപിച്ചു. തെരവുനായ്ക്കളെ കൊല്ലണമെന്ന തരത്തിൽ പലയിടങ്ങളിലും ആഹ്വാനം നടന്നതായി ഇവർ കുറ്റപ്പെടുത്തി. നായ്ക്കളെ കൊന്നവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്കും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും പരാതി നൽകുമെന്നും ആനിമൽ പെറ്റ് ലൗവേഴ്സ് വ്യക്തമാക്കി.