ചേർത്തല:പൊതുമരാമത്ത് ഓഫീസ് വളപ്പിൽ സംഭരിച്ച മണൽ കടത്തിയ സംഭവത്തിൽ മന്ത്റി ജി.സുധാകരൻ വിശദീകരണം തേടി. പൊതുമരാമത്ത് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയറോടാണ് മന്ത്റി റിപ്പോർട്ട് തേടിയത്.നടന്ന സംഭവങ്ങളും പൊലീസിൽ പരാതി നൽകിയ വിവരവും അടങ്ങിയ റിപ്പോർട്ട് അസി.എക്‌സിക്യുട്ടീവ് എൻജിനീയർ കൈമാറിയതായാണ് വിവരം.
പൊതുമരാമത്ത് അധികൃതരുടെ പരാതിയെ തുടർന്ന് ചേർത്തല പൊലീസ് അന്വേഷണം തുടങ്ങി.ഓഫീസിൽ നിന്നുള്ള പിന്തുണയില്ലാതെ ഇത്തരത്തിൽ മണൽ കടത്തു നടക്കില്ലെന്നാണ് പ്രാഥമിക നിഗമനം.ഇതിന്റെ അടിസ്ഥാനത്തിൽ ഓഫീസിലെ ജിവനക്കാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.അന്വേഷണം ഊർജ്ജിതമാക്കിയതായി ചേർത്തല സി.ഐ പി.ശ്രീകുമാർ പറഞ്ഞു.
19ന് ഓഫീസിനു അവധിയായിരുന്ന സമയത്താണ് ഓഫീസിനു സമീപം ടി.ബി കനാൽ തീരത്ത് നിക്ഷേപിച്ചിരുന്ന 10 ലോഡോളം മണൽ കടത്തിയത്.മണൽ കടത്തുന്നതിന്റ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.ടിപ്പർ ലോറിയുടെ നമ്പർ കാട്ടിയാണ് അധികൃതർ ചേർത്തല പൊലീസിൽ പരാതിനൽകിയത്.