vellakkettu

പൂച്ചാക്കൽ: വേമ്പനാട് കായൽ, കൈതപ്പുഴ കായൽ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇടത്തോടുകളുടെ വശങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിലേക്കും ഇടവഴികളിലേക്കും വെള്ളം ഇരച്ചുകയറുന്നു.

രണ്ടു ദിവസമായി വേലിയേറ്റ സമയത്ത് വെള്ളം കയറുന്നുണ്ടായിരുന്നു. ഇന്നലെ കയറിയ വെള്ളം ഇറങ്ങാത്തതാണ് പ്രതിസന്ധിയിലാക്കിയത്. പാണാവള്ളി പൊറ്റേത്തറ കോളനി, തൃച്ചാറ്റുകുളം കടക്കായിത്തറ ഗിരിജൻ കോളനി തുടങ്ങിയ തീരപ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പൊറ്റേത്തറ കോളനിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കമ്മട്ടിക്കൽ തോടിൽ മുട്ട് ഇടുന്ന ജോലി പുരോഗമിക്കുകയാണെന്ന് പഞ്ചായത്തംഗം ബേബി ചാക്കോ പറഞ്ഞു. കടക്കായിത്തറ ഗിരിജൻ കോളനി കായൽ നിരപ്പിൽ നിന്ന് താഴ്ന്ന് നിൽക്കുന്നത് വെള്ളക്കെട്ട് രൂക്ഷമാക്കുകയാണ്. വശങ്ങളിൽ മണ്ണിട്ട് ഉയർത്തി കൽക്കെട്ട് നിർമ്മിക്കാതെ പരിഹാരമാവില്ലെന്ന് പഞ്ചായത്തംഗം ഷൈജു പറയുന്നു.