s

ആലപ്പുഴ: ജില്ലയിലെ ബാങ്കുകളിൽ പ്രവാസി നിക്ഷേപത്തിൽ വർദ്ധന. 2020- 21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ 1256 കോടിയിൽ നിന്ന് 15,168 കോടിയായെന്ന് ജില്ലാതല ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി.

ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന അവലോകന സമിതി യോഗം കളക്ടർ എ.അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. ലോണുമായി ബന്ധപ്പെട്ട് എത്തുന്ന സാധാരണക്കാർക്ക് എത്രയും വേഗം ഇവ ലഭ്യമാകുന്ന സാഹചര്യം ബാങ്കുകളിൽ ഒരുങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി.

ഈ വർഷം 4477.76 കോടിയാണ് ജില്ലയിലെ വിവിധ ബാങ്കുകൾ വായ്പയായി നൽകിയത്. മുൻഗണന മേഖലയിൽ നൽകിയ 3443.81 കോടി രൂപയിൽ, കാർഷിക മേഖലയ്ക്ക് 2254.85 കോടിയും, സൂക്ഷ്മ,ചെറുകിട,ഇടത്തരം സംരംഭങ്ങൾക്കായി 969.88 കോടി രൂപയും നൽകി.
ജില്ലയിലെ ആകെ നിക്ഷേപം രണ്ടാം പാദത്തിൽ 36,176 കോടി രൂപയിൽ നിന്ന് 37318 കോടിയായി വർദ്ധിച്ചിട്ടുണ്ട്.
ചടങ്ങിൽ ദേശീയ കർഷക ദിനത്തിന്റെ ഭാഗമായി പാണാവള്ളി സ്വദേശി കർഷകയായ ഡെയ്‌സി ജോസഫിനേയും പമ്പ ഹാച്ചറി ഉടമ ബിനോയ് എ. എസിനെയും കളക്ടർ എ. അലക്‌സാണ്ടറും, അഡ്വ. എ.എം. ആരിഫ് എം.പിയും ചേർന്ന് ആദരിച്ചു. എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ വി.സുരേഷ്, ആർ.ബി.ഐ എൽ.ഡി.ഒ മുരളീകൃഷ്ണൻ, നബാഡ് ഡി.ഡി.എം പ്രേം കുമാർ, ജില്ല ലീഡ് ബാങ്ക് മാനേജർ വി.വിനോദ് കുമാർ, വിവിധ ബാങ്ക് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.