
തുറവൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ട് മാസമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോടംതുരുത്ത് പഞ്ചായത്ത് നാലാം വാർഡ് എഴുപുന്ന തെക്ക് കറുകപറമ്പ് വീട്ടിൽ അശോകൻ - ശ്രീമതി ദമ്പതികളുടെ ഏകമകൻ വിഷ്ണു (24) ആണ് മരിച്ചത്. ഒക്ടോബറിൽ എറണാകുളം പാലാരിവട്ടം സിഗ്നലിന് സമീപം വിഷ്ണുവും സുഹൃത്ത് ഇമ്മാനുവലുമൊത്ത് ബൈക്കിൽ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണു കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായെങ്കിലും പിന്നീട് വീട്ടിൽ തുടർ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ അവസ്ഥ മോശമായതിനെ തുടർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ഇന്ന് സംസ്കാരം നടത്തും. കൊച്ചി മാടവനയിലെ ഒരു പ്രമുഖ വാഹന ഷോറൂമിലെ കാർ പോളിഷിംഗ് ജോലിക്കാരനായിരുന്നു വിഷ്ണു.