
ആലപ്പുഴ: കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് കയർ കോർപ്പറേഷൻ നിർമ്മിക്കുന്ന കയർ സാനിമാറ്റുകൾക്ക് 50,000 എണ്ണത്തിന്റെ പുതിയ ഓർഡർ ലഭിച്ചു. സർക്കാർ ഹൈസ്കൂളുകളിലേക്കും ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുമായാണിവ വാങ്ങുന്നത്. കയർ വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവ് പകരുന്നതാണ് ഈ ഓർഡർ. നാലു കോടിയോളം രൂപയുടെ വരുമാനം കയർ കോർപ്പറേഷന് ഇതിലൂടെ കിട്ടും.
മാർക്കറ്റിൽ 2,100 രൂപ വിലയുള്ള ഒരു സെറ്റ് സാനിമാറ്റ് 999 രൂപയ്ക്കാണ് വിദ്യാഭ്യാസ വകുപ്പിന് നൽകുക. കൈകൾ കഴുകി സാനിറ്റൈസർ പുരട്ടുംപോലെ പ്രധാനമാണ് പാദങ്ങളുടെ ശുചീകരണവുമെന്ന ആശയമാണ് ഇതിന് പിന്നിൽ. കയർമേഖലയിൽ വൻ കുതിച്ചുചാട്ടത്തിനുള്ള പദ്ധതികളാണ് കഴിഞ്ഞ ഡിസംബറിൽ ആലപ്പുഴയിൽ നടന്ന കയർകേരള ആവിഷ്കരിച്ചതെങ്കിലും കൊവിഡിന്റെ വരവ് വിപണിയെ ബാധിച്ചു. 399 കോടി രൂപയുടെ ഉത്പന്നങ്ങളുടെ ഓർഡർ അന്ന് കരാറായെങ്കിലും 80 ശതമാനം വില്പനയാണ് ഇതുവരെ നടന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഓർഡറുകൾക്ക് പ്രഖ്യാപിച്ച സബ്സിഡി മാർച്ച് 31 വരെ നീട്ടാനും തീരുമാനിച്ചു. ഉടൻ പണം നൽകി ഉത്പന്നങ്ങൾ വാങ്ങുന്ന കയറ്റുമതിക്കാർക്ക് അഞ്ച് ശതമാനം സ്പെഷ്യൽ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ആഭ്യന്തര വിപണിയിലെ പ്രതിസന്ധി
കയർകേരളയിൽ 103 കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് എത്തിയതിനാൽ ഭരണസമിതികൾ ഇല്ലാതായതും ഉദ്യോഗസ്ഥ ഭരണത്തിലായതും ഇതിനെ പ്രതികൂലമായി ബാധിച്ചു. ഫ്രാൻസ്, നെതർലൻഡ്സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി.
ഒരു ലക്ഷത്തോളം തൊഴിലാളികൾ
കയർപിരി മേഖലയിലും ഉത്പാദന മേഖലയിലുമായി ഒരു ലക്ഷത്തോളം പേരാണ് തൊഴിൽ ചെയ്യുന്നത്. 150 കയർപിരി സംഘങ്ങൾക്കായി 1,500 ആധുനിക കയർപിരി യന്ത്രങ്ങൾ സ്ഥാപിക്കാനും നടപടി തുടങ്ങി.
സാനിമാറ്റ്
രണ്ട് മാറ്റുകളാണ് ഈ സെറ്റിൽ ഉൾപ്പെടുക. ഒന്ന് കാലുകൾ ചവിട്ടി തേച്ച് ശുചിയാക്കാനുള്ള വെറ്റ് മാറ്റ്. ഇതിലാണ് സാനിറ്റൈസറും വെള്ളവും ചേർന്ന മിശ്രിതം നിറയ്ക്കുക. പ്ളാസ്റ്റിക് ട്രേയിൽ കയർമാറ്റ് ഘടിപ്പിച്ചാണ് ഇത് സജ്ജമാക്കുക. മൂന്ന് ദിവസത്തിനുള്ളിൽ ഇതിലെ മിശ്രിതം മാറ്റിയാൽ മതിയാവും. അത് കഴിഞ്ഞാൽ കാലുകളിലെ നനവ് മാറാനുള്ള ഡ്രൈമാറ്റാണ്. 45 സെന്റിമീറ്റർ വീതിയും 75 സെന്റിമീറ്റർ നീളവുമാണ് ഇപ്പോൾ വിപണിയിലുള്ള സാനിമാറ്റ് സെറ്റിന്റെ അളവ്.