
അമ്പലപ്പുഴ : കടപ്പുറത്ത് വള്ളത്തിൽ നിന്ന് മീൻ വില്പന നടത്തുന്നതിനിടെ ഷോക്കേറ്റ മത്സ്യത്തൊഴിലാളികളിലൊരാൾ മരിച്ചു. പുന്നപ്ര വടക്ക് ഗലീലിയ പള്ളിക്കു സമീപം വാലയിൽ സോജൻ (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പറേക്കാട്ടിൽ ജോസഫ് (51) രക്ഷപ്പെട്ടു.
ബുധനാഴ്ച രാത്രി 11.30 ഓടെ അമ്പലപ്പുഴ അഞ്ചാലുംകാവ് കടപ്പുറത്തായിരുന്നു സംഭവം. കടപ്പുറത്ത് വെളിച്ചത്തിനു വേണ്ടി താത്കാലികമായി വലിച്ച ഇലക്ട്രിക് വയറിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റത്. ഈ സമയത്ത് കടലിൽ നിന്ന് കരയിലേക്ക് ശക്തമായ വേലിയേറ്റമുണ്ടായിരുന്നു.വൈദ്യുതാഘാതമേറ്റു വീണ സോജനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. കടൽ പ്രക്ഷുബ്ധമായിരുന്നെങ്കിലും ജീവിതദുരിതം കാരണമാണ് ഇവർ രാത്രിയിലും വള്ളങ്ങൾ കടലിൽ ഇറക്കിയത്. സോജന്റെ ഭാര്യ :സോണി. മക്കൾ: സോനൻ, സോന