
ആലപ്പുഴ: ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം എന്നുപറഞ്ഞ പോലെയാണ് തിരഞ്ഞെടുപ്പുകാലത്തെ കൊതുകുപ്രശ്നം. തിരഞ്ഞെടുപ്പ് കോലാഹലത്തിനിടയ്ക്ക് കൊതുകുനിവാരണമൊക്കെ മറന്നു അധികൃതർ. ഫലമോ? നവംബർ അവസാനവാരം മുതൽ കൊതുകുകൾ കയറിയങ്ങു വർദ്ധിച്ചു. ഇപ്പോൾ നഗരവാസികൾക്ക് കൊതുകുകടിയേൽക്കാതെ കിടന്നുറങ്ങാൻ കഴിയണേയെന്ന പ്രാർത്ഥനയാണുള്ളത്.
കൂത്താടികൾ പെറ്റുപെരുകുന്നതല്ലാതെ കൊതുക് നശിപ്പിക്കാനുള്ള മാർഗം തേടുന്നില്ല അധികൃതർ. കൊതുക് കടിയേറ്റു വലയുകയാണ് നാട്ടുകാർ. കുട്ടികളിൽ കൊതുക് കടിച്ച് ചുവന്ന കുരുക്കൾ ആഴ്ചകളോളം നീണ്ടുനിൽക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. പട്ടാപ്പകൽ പോലും വീടുകൾക്കുള്ളിൽ കൊതുകുകളാണ്. സന്ധ്യയാകുന്നതോടെ വാതിലും ജനലുമടച്ചു വീടിനകത്തിരുന്നാലും രക്ഷയില്ലാത്ത അവസ്ഥയാണ്.
ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നീ രോഗങ്ങൾ പടർന്നുപിടിക്കുമെന്ന ആശങ്കയും ജനങ്ങൾ പങ്കുവയ്ക്കുന്നു.
1996 കാലഘട്ടങ്ങളിൽ നഗരത്തിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്നായ കൊതുക് നശീകരണത്തിന് പ്രത്യേക തുക ബഡ് ജറ്റിൽ മാറ്റി വച്ചിരുന്നു. കൊതുക് നശീകരണത്തിന് വേണ്ടി ലക്ഷങ്ങൾ മുടക്കി വാങ്ങിയ കൊതുക് നിവാരണ യന്ത്രങ്ങളും തുരുമ്പടിച്ച നിലയിലാണ്. പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നില്ലെന്നും പരാതിയുണ്ട്. നഗരത്തിലെ പ്രധാന തോടുകളായ ഷഡാമണി,റാണി തോടുകളിൽ മാലിന്യം കെട്ടികിടക്കുന്നത് നഗരത്തിന് ശാപമാണ്. തോടുകളുടെ നവീകരണം കാര്യക്ഷമായി നടന്നാൽ തന്നെ രോഗികളുടെ എണ്ണത്തിലും കുറവ് വരും. നഗരസഭയിൽ നിന്ന് കൊതുകു നശീകരണത്തിന് യാതൊരു നടപടിയും സ്ഥിരീകരിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.
കൊതുകുകളെ പുകച്ച് പുറത്ത് കളയാൻ ബയോ ലാർവിസൈഡ്, പെമിഫോസ് തുടങ്ങി കൊതുകു നാശിനി മരുന്നുകൾ തളിച്ചിട്ട് വർഷങ്ങളായി. നഗരത്തിലെ വാർഡുകളിൽ സ്വകാര്യ ഏജൻസികളാണ് ഫോഗിംഗ് നടത്തുന്നത്.
കൊതുകിനെ തുരത്താൻ
കടകളിലും സൂപ്പർമാർക്കറ്റിലും കൊതുകിനെ വരുതിയിലാക്കാനുള്ള കുന്തിരിക്കം,ചട്ടി, മറ്റ് കൊതുകിനെ തുരത്താനുള്ള ഉപകരണങ്ങളുടെ കച്ചവടവും രണ്ടാഴ്ചയ്ക്കുള്ളിൽ വർദ്ധിച്ചിട്ടുണ്ട്.
കൊതുകു വലകൾ, ഇലക്ട്രിക് മൊസ്‌കിറ്റോ ബാറ്റ്, കുട്ടികൾക്കു വേണ്ടിയുള്ള കൊതുകുവലയോടു കൂടിയ കിടക്കകൾ, മൊസ്‌കിറ്റോ റിപ്പല്ലന്റുകൾ, ഇലക്ട്രിക് മൊസ്‌കിറ്റോ റാക്കറ്റ്, ഇലക്ട്രിക് മൊസ്‌കിറ്റോ കില്ലർ, മൊസ്‌കിറ്റോ സ്വറ്റർ തുടങ്ങിയവയ്ക്കെല്ലാം ആവശ്യക്കാരേറെയാണ്.
എന്നാൽ കൊവിഡ് മൂലം വ്യാപാരികളിൽ ഭൂരിഭാഗവും പുതിയ സ്റ്റോക് എടുക്കാത്തതിനാൽ പലയിടത്തും കൊതുകു ബാറ്റ് ഉൾപ്പെടെ കിട്ടാനില്ല.
ഈഡിസ് കൊതുകുകൾ മുന്നിൽ
ജില്ലയിൽ കൂടുതലായി കണ്ട് വരുന്നത് ഈഡിസ് കൊതുകുകളാണ്. അവ പരത്തുന്നത് ഡെങ്കി പനിയാണ്. ജില്ലയിൽ കണ്ടുവന്നിരുന്ന, ഇപ്പോൾ നിയന്ത്രിക്കപ്പെട്ട മന്തു രോഗം ക്യൂലെക്‌സ്, മൻസോണിയ കൊതുകുകൾ വഴിയാണ് വ്യാപിക്കുന്നത്.
ക്യൂലെക്‌സ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് മസ്തിഷ്‌ക ജ്വരം, വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങൾ പരത്തുന്നത്. മലേറിയുടെ കാരണമായ അനോഫിലസ് കൊതുകുകളുടെ സാന്നിദ്ധ്യം ജില്ലയിൽ ഇപ്പോഴുമുണ്ട് .
എന്ന് നടത്തും ഫോഗിംഗ്
കൊതുക് നശീകരണത്തിനായി ഫോഗിംഗാണ് ഇപ്പോൾ പ്രയോഗിച്ച് വരുന്നത്. മാലത്തയോൺ എന്ന കീടനാശിനിയിൽ ഡീസലോ മണ്ണെണ്ണയോ ചേർത്ത മിശ്രിതമാണ് ഇതിനായുള്ള പ്രത്യേക ഫോഗിംഗ് ഉപകരണമുപയോഗിച്ചാണ് തളിക്കുന്നത്. ആരോഗ്യവകുപ്പും പഞ്ചായത്തുകളും ഫോഗിംഗ് നടത്തുന്നുണ്ട്. എന്നാൽ, നഗരസഭയിൽ ഇതിനുള്ള നടപടി ഇതുവരെ കൈകൊണ്ടിട്ടില്ല. നഗരത്തിൽ സ്വകാര്യ ഏജൻസികൾ 30 രൂപ നിരക്കിൽ വീടുകൾ തോറും ശുചീകരണം നടത്തുന്നുണ്ട്. എന്നാൽ സൗജന്യമല്ലാത്തതിനാൽ ഭൂരിഭാഗം പേരും ഫോഗിംഗിന് തയ്യാറല്ല. പ്രദേശം മുഴുവനായി ഫോഗിംഗ് നടത്തിയില്ലെങ്കിൽ കൊതുകുകൾ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ട്.
''1995-97 വരെ നഗരസഭ ചെയർമാനായിരുന്ന സമയത്ത് പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരുന്നു കൊതുക് നശീകരണം. ക്ലീൻ ആലപ്പുഴ പ്രോജക്ടിന്റെ ഭാഗമായി കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയുന്നു. രാസ മരുന്നിന് പകരം വിലകൂടിയ ജൈവ മരുന്നാണ് കൊതുക് നശീകരണത്തിന് ഉപയോഗിച്ചിരുന്നത്. 2000ന് ശേഷം കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഒന്നും നഗരസഭയിൽ കാര്യമായി നടന്നിട്ടില്ല.
എ.എ.ഷുക്കൂർ, കെ.പി.സി.സി ജനറൽ സെക്രട്ടറി