
ആലപ്പുഴ: കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവെച്ച ജലഗതാഗത വകുപ്പിന്റെ വേഗ-2 എ.സി ബോട്ട് സർവീസ് പുനരാംഭിച്ചു. ജലഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായാണ് ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലുള്ള 15 നോട്ടിക് മൈൽ വേഗതയിൽ സഞ്ചരിക്കാവുന്ന കാറ്റമറൈൻ ബോട്ട് സർവീസ് ഇന്നലെ പ്രവർത്തനമാരംഭിച്ചത്.
കുട്ടനാടിന്റെ ഭംഗി പൂർണ്ണമായി ആസ്വദിക്കാവുന്ന തരത്തിലാണ് ബോട്ടിന്റെ പ്രവർത്തനം ക്രമീകരിച്ചിട്ടുള്ളത്. ടൂറിസം സർവീസിന് ശേഷം രണ്ടാം ഘട്ടത്തിലേ പാസഞ്ചർ സർവീസ് ആരംഭിക്കുകയുള്ളു. രാവിലെ 11 മണിക്ക് ആലപ്പുഴയിൽ നിന്നും ആരംഭിച്ച് പുന്നമട, മുഹമ്മ, പാതിരാമണൽ, കുമരകം, ആർ ബ്ലോക്ക്, മാർത്താണ്ഡം കായൽ, ചിത്തിര, സി ബ്ലോക്ക്, മംഗലശ്ശേരി, കുപ്പപ്പുറം, തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് അഞ്ചിന് തിരികെ ആലപ്പുഴയിൽ എത്തും. 40 എ.സി. സീറ്റുകളും 80 നോൺ-എ.സി. സീറ്റുകളുമാണ് ബോട്ടിലുള്ളത്. എ.സി. സീറ്റിന് 600 രൂപയും നോൺ എ.സി. സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ബോട്ടിൽ നാടൻ വിഭവങ്ങളുടെ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. ഫോൺ: 9400050322, 9400050324, 9400050327.