ആലപ്പുഴ: പൊതുമേഖലാ മരുന്നു നിർമ്മാണ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമി​റ്റഡ് പുതിയ മരുന്നുകളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട് കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചുമായി (സി.എസ്‌.ഐ.ആർ) ധാരണാപത്രം ഒപ്പുവച്ചു. 15 പുതിയ മരുന്നുകൾക്കുള്ള ഫോർമുല വികസിപ്പിച്ചെടുക്കുന്നതിനാണ് ധാരണാപത്രം.

വ്യവസായ മന്ത്റി ഇ.പി ജയരാജന്റെ സാന്നിദ്ധ്യത്തിലാണ് തിരുവനന്തപുരത്ത് കരാർ ഒപ്പിട്ടത്. കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമി​റ്റഡിന്റെ ലിസ്​റ്റിലുള്ള മരുന്നുകളാണ് നിർമിക്കുക. ഇതുവഴി പൊതുജനാരോഗ്യ മേഖലയിൽ കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കാനാകും. പൊതുവിപണിയിൽ വലിയ വിലവരുന്ന മരുന്നുകളാണ് ഇവ.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്യാധുനിക മെഷീനുകൾ സജ്ജീകരിച്ചിട്ടുള്ളതാണ് കെ.എസ്.ഡി.പി.യിലെ മരുന്ന് നിർമ്മാണ യൂണി​റ്റുകളായ ബീ​റ്റാലാക്ടം, നോൺ ബീ​റ്റാലാക്ടം പ്ലാന്റുകൾ. പ്രതിവർഷം 280 കോടി ടാബ്ല​റ്റുകളും, 63 കോടി ക്യാപ്‌സൂളുകളും, 13.8 ലക്ഷം ലി​റ്റർ ലായനി മരുന്നുകളും, 4.23 കോടി ഒ.ആർ.എസ് മരുന്നുകളും, 2.91 കോടി ആന്റിബയോട്ടിക് ഇൻജക്ഷൻ മരുന്നുകളും ഉത്പാദിപ്പിക്കാൻ ഈ പ്ലാന്റുകൾക്ക് ശേഷിയുണ്ട്. പുതിയ മരുന്നുകളുടെ വികസനം സാദ്ധ്യമാകുന്നതോടെ പ്ലാന്റുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനാകും. പൂർണ ഉത്പാദനക്ഷമത കൈവരിക്കാനുമാകും.

സി.എസ്‌.ഐ.ആർ. എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ. എ. അജയഘോഷ്, ബിസിനസ് ഹെഡ് ഡോ. നിഷി, ശാസ്ത്രജ്ഞരായ ഡോ. കുമാരൻ, ഡോ.സുനിൽവർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

............

പൂർണ ഉത്പാദനക്ഷമത കൈവരിക്കാനാകും

പ്ലാന്റുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനാകും

കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാകും

...........

വി​റ്റുവരവി​ൽ

100 കോടിയുടെ റെക്കാഡ്

കൊവിഡ് പ്രതിരോധ ഘട്ടത്തിൽ സാനി​ട്ടൈസർ നിർമ്മിച്ച് കുറഞ്ഞ വിലയിൽ വിപണിയിൽ ലഭ്യമാക്കി. 18 ലക്ഷം ലി​റ്റർ സാനി​ട്ടൈസർ ഇതുവരെ നിർമിച്ചു. അവശ്യമരുന്നുകളുടെ ഉത്പാദനത്തിലും വലിയ നേട്ടം കൈവരിച്ചു. ചരിത്രത്തിൽ ആദ്യമായി 100 കോടി രൂപയുടെ വി​റ്റുവരവും കെ.എസ്.ഡി.പി നേടി.