ചേർത്തല:നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ലീഡർ തിരഞ്ഞെടുപ്പിനെ ചൊല്ലി തർക്കം.ഡി.സി.സി പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ തർക്കങ്ങൾ മത്സരത്തിലേക്ക് നീങ്ങിയെങ്കിലും നേതാക്കളുടെ ഇടപെട്ട് ഒഴിവാക്കി.പാർലമെന്ററി പാർട്ടി ലീഡറായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണനെ തിരഞ്ഞെടുത്തു.
തുടർച്ചയായി മൂന്നാം തവണയും നഗരസഭയിലേക്ക് തിരഞ്ഞെടുക്കപെട്ട ബി.ഫൈസലിനെ ലീഡറാക്കണമെന്ന ആവശ്യമുയർന്നതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്.മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ഭാസിയുടെ പേരും ഉയർന്നു.എന്നാൽ ഭാസി സ്വയം പിന്മാറി. തുടർന്നാണ് നേതാക്കൾ ഇടപ്പെട്ട് മത്സരം ഒഴിവാക്കിയത്.നഗരസഭാ മുൻ ചെയർമാനാണ് 12ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപെട്ട പി.ഉണ്ണിക്കൃഷ്ണൻ.ബി.ഫൈസലിനെ ഡെപ്യൂട്ടി ലീഡറായി തിരഞ്ഞെടുത്തു.10 വർഷമായി നഗരഭരണം നടത്തി വന്നിരുന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ട് 10 സീറ്റിലൊതുങ്ങിയിരുന്നു.പരാജയത്തിന്റെ പേരിൽ നേതൃത്വത്തിനും നേതാക്കൾക്കുമെതിരെ നിരവധി പരാതികളാണ് കെ.പി.സി.സി,ഡി.സി.സി നേതൃത്വങ്ങൾക്കു ലഭിച്ചിട്ടുള്ളത്.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ നടന്നയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷനായി.ഐസക്ക്മാടവന,ടി.സുബ്രഹ്മണ്യദാസ്,സി.ഡി.ശങ്കർ,എസ്.കൃഷ്ണകുമാർ,സി.എസ്.പങ്കജാക്ഷൻ,സി.കെ.ഉണ്ണികൃഷ്ണൻ,ബി.ഭാസി എന്നിവർ സംസാരിച്ചു.മറ്റു ഭാരവാഹികളായി ബാബു മുള്ളൻചിറ (സെക്രട്ടറി)ജാക്‌സൺ മാത്യു (വിപ്പ്),പ്രമീള ദേവി (ജോയിന്റ് സെക്രട്ടറി),സുജാത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.