മാവേലിക്കര: കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് രണ്ടു കോടിയോളം ഒപ്പുകളടങ്ങിയ മഹാനിവേദനം നൽകാനുള്ള അനുമതി നിഷേധിക്കുകയും തുടർന്ന് പ്രതിഷേധവുമായി എത്തിയ എം.പി മാരെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കാൻ ഡൽഹി പൊലീസ് ശ്രമിച്ചതും അസഹിഷ്ണുതയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ജനകീയമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റു സർക്കാരിന്റെ നയമാണ്. പശ്ചിമ ബംഗാളിൽ ഉൾപ്പെടെ രാജ്യത്തൊട്ടാകെ ബി.ജെ.പി പ്രകടനങ്ങളും സമ്മേളനങ്ങളും റാലികളും നടത്തുമ്പോൾ കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ കോൺഗ്രസ് മാർച്ചിന് അനുമതി നിഷേധിച്ചത് ഇരട്ടത്താപ്പാണ്. റോഡിൽ കുത്തിയിരുന്ന് സമരം ചെയ്ത നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത ഡൽഹി പൊലീസിന്റെ നടപടി അനീതിയാണെന്നും കർഷകർക്കായി സമരം ചെയ്യുന്ന കോൺഗ്രസിന്റെ ശബ്ദത്തെ ഇല്ലാതാക്കാൻ മോദി​ സർക്കാരിന് കഴിയില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.