tv-r

അരൂർ: അരൂരിന്റെ കായലോര മേഖലകളിൽ അതിശക്തമായ വേലിയേറ്റം മൂലം ഉണ്ടായ ദുരിതം ഒഴിയുന്നില്ല. മുൻകാലങ്ങളിൽ അനുഭവപ്പെട്ടിരുന്നതിനേക്കാൾ ഇരട്ടി ദുരിതമാണ് തീരദേശവാസികൾ അനുഭവിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് ആരംഭിച്ച വേലിയേറ്റം മൂലം ഇവി​ടെ വീടുകളും പരിസരവും വെള്ളത്തിലാണ്. മുറ്റത്തേക്കിറങ്ങാൻ പറ്റാതെ പ്രായമായവരും കുട്ടികളുമടക്കം ഭുരിഭാഗം പേരും വലയുന്നു.

കായലോരത്ത് ഉയരത്തിൽ കൽക്കെട്ട് നിർമ്മിക്കാത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. ഏക്കൽ അടിഞ്ഞുണ്ടായതിനെ തുടർന്ന് കായലുകളുടെ ആഴക്കുറവും കൽക്കെട്ട് ഉള്ളിടത്ത് അവ തകർന്നു കിടക്കുന്നതുമാണ് കരയിലേക്ക് വെള്ളം ഇരച്ചു കയറാൻ കാരണം. കൈതപ്പുഴ കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന അരൂർ മുക്കം കോളനി, പ്രൊജക്ട് കോളനി, കോട്ടപ്പുറം, കെൽട്രോൺ, ആഞ്ഞിലിക്കാട്, വെളുത്തുള്ളി ബണ്ട്, ഇളയപാടം, കുമ്പഞ്ഞി, വട്ടക്കേരി, വെളുത്തുള്ളി കോളനി എന്നിവിടങ്ങളിലെ ജനജീവിതം വേലിയേറ്റത്താൽ ദുരിതപൂർണ്ണമാണ്.വെള്ളപ്പൊക്ക സമാനമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് വീട്ടുകാർ പറയുന്നു കായലുകളിലുടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളും പായലും പുരയിടങ്ങളിൽ കെട്ടി കിടക്കുകയാണ്. രാത്രി സമയത്ത് ഇഴ ജന്തുക്കളുടെ ശല്യവുമേറി.അടുക്കളയിലടക്കം വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ഭക്ഷണം പാകം ചെയ്യുന്നതിനും ബുദ്ധിമുട്ടേറെ. നൂറ് കണക്കിന് കുടുംബങ്ങൾ വേലിയേറ്റം മൂലം ദുരിതക്കയത്തിലായിട്ടും ബന്ധപ്പെട്ട അധികൃതരോ ജനപ്രതിനിധികളോ തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതിയുണ്ട്.