അമ്പലപ്പുഴ: മകരവിളക്കിന് ശബരിമല ദർശനത്തിന് അമ്പലപ്പുഴ സംഘത്തിലെ അൻപത് പേർക്ക് അനുമതി. പ്രായ പരിധി ബാധകമല്ലാതെ സമൂഹപ്പെരിയോന് ചടങ്ങുകൾക്ക് നേതൃത്വം നൽകി ദർശനം നടത്താം. മറ്റുള്ളവർ പത്തിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ ആകണം . എരുമേലി പേട്ട തുള്ളലിനും 50 പേരെ പങ്കെടുപ്പിക്കാം. ഒരു ആനയെ എഴുന്നള്ളിക്കുകയും ചെയ്യാം. സന്നിധാനത്ത് നെയ്യഭിഷേകം, എള്ളു നിവേദ്യം, മാളികപ്പുറം മണി മണ്ഡപത്തിൽ നിന്നുമുള്ള ശീവേലി എഴുന്നള്ളത്ത്, കർപ്പൂരാഴി പൂജ എന്നീ ചടങ്ങുകൾക്കും അനുവാദം ഉണ്ട്. പമ്പ സദ്യ നടത്തുന്നതിന് അനുമതി ഇല്ല. എരുമേലിയിലും, സന്നിധാനത്തും സംഘാംഗങ്ങൾക്ക് താമസ സൗകര്യം ലഭ്യമാക്കും. പത്ത് ദിവസത്തെ തീർത്ഥാടനം രഥയാത ഒഴിവാക്കി 8 ദിവസമായി ചുരുക്കി. തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരുടെ അധാർ നമ്പർ സഹിതം ഉള്ള വിവരങ്ങൾ മുൻകൂട്ടി ദേവസ്വം ബോർഡിൽ നൽകി അനുമതി വാങ്ങണം. എരുമേലി പേട്ടതുള്ളലിനു മുമ്പും സന്നിധാനത്ത് എത്തുന്നതിനു മുമ്പും രണ്ടു പ്രാവശ്യം കൊവിഡ് പരിശോധന നടത്തണം.