ആലപ്പുഴ: നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ റൂട്ട് തെറ്റിച്ച് ഓടുന്നത് യാത്രക്കാർക്ക് തലവേദനയാവുന്നു.

തെക്ക് ഭാഗത്ത് നിന്ന് ആലപ്പുഴയിലേക്കു വരുന്ന, സൂപ്പർ ഫാസ്റ്റിന് താഴെയുള്ള എല്ലാ സർവീസുകളും ജനറൽ ആശുപത്രി - വൈ.എം.സി.എ റോ‌ഡ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തണമെന്നാണ് ചട്ടം. കൊട്ടാരപ്പാലം വഴിയുള്ള യാത്ര പാടില്ലെന്ന് വകുപ്പ് സർക്കുലറും ഇറക്കിയിട്ടുള്ളതാണ്. എന്നാൽ ഇത് ലംഘിച്ച് പല ബസുകളും റൂട്ട് മാറി ഓടുന്നതോടെ വൈ.എം.സി.എയ്ക്ക് സമീപം പിച്ചു അയ്യർ ജംഗ്ഷനിലും ബോട്ട് ജെട്ടിക്ക് സമീപം മാവിൻ ചുവട് ജംഗ്ഷനിലും ഇറങ്ങേണ്ട യാത്രക്കാർ വലയുകയാണ്. റൂട്ട് മാറി ഓടുന്ന പല ബസുകളും സ്റ്റാൻഡിന് സമീപത്തെ ഔട്ട് പോസ്റ്റിൽ പോലും നിറുത്താതെ ബസ് നേരെ സ്റ്റാൻഡിൽ കയറ്റും.

ഇറങ്ങേണ്ട സ്റ്റോപ്പിലെത്താൻ ഓട്ടോറിക്ഷ വിളിക്കേണ്ട ഗതികേടാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

ഒന്നര വർഷം മുമ്പാണ് റൂട്ട് മാറ്റി ഓട്ടം നിയന്ത്രിക്കുന്നതിന് വേണ്ടി സർക്കുലർ പുറപ്പെടുവിച്ചത്. കുറച്ചുനാൾ ചട്ട പ്രകാരം ഓടിയെങ്കിലും, കൊട്ടാരപ്പാലം - ജനറൽ ആശുപത്രി റോഡിന്റെ നവീകരണം പൂർത്തിയായതോടെയാണ് പല ബസുകളും ഈ വഴി വീണ്ടും ഓടാൻ തുടങ്ങിയത്. ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി ബസുകൾ വ്യാപകമായി റൂട്ട് തെറ്റിക്കുന്നതായി ആക്ഷേപമുണ്ട്.

............................

കെ.എസ്.ആർ.ടി.സി ബസുകൾ ഓടേണ്ട റൂട്ട് സംബന്ധിച്ച് സർക്കുലർ നിലവിലുള്ളതാണ്. സൂപ്പർ ഫാസ്റ്റുകളും അതിന് മുകളിലേക്കുമുള്ള ബസുകൾക്ക് മാത്രമാണ് കൊട്ടാരപ്പാലം വഴി തെക്ക് ദിശയിലേക്ക് സഞ്ചരിക്കാൻ അനുമതിയുള്ളത്. നിയമം ലംഘിക്കുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും

എ.ടി.ഒ, ആലപ്പുഴ