s

ചില്ലറ വിപണിയിൽ വില കിലോയ്ക്ക് 60-70 രൂപ

ആലപ്പുഴ: പച്ചത്തേങ്ങ ഉത്പാദനം 40 ശതമാനം വരെ കുറഞ്ഞതോടെ വില കുതിച്ചുയരുന്നു. ഇതോടെ വെളിച്ചെണ്ണ വിലയും ഉയരുകയാണ്.

ചില്ലറ വിപണിയിൽ തേങ്ങ വില കിലോയ്ക്ക് 60 രൂപ വരെയെത്തി. ചില സ്ഥലങ്ങളിൽ നാടൻ തേങ്ങ വില 70 ആണ്. കഴിഞ്ഞ ആഴ്ചവരെ കിലോയ്ക്ക് 48 രൂപയായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള വരവിലും കുറവുണ്ടായി. പച്ചത്തേങ്ങ കിട്ടാത്തതിനാൽ പല വെളിച്ചെണ്ണ മില്ലുകളും ഉത്പാദനം പകുതിയാക്കി. ജില്ലയിലെ കാലാവസ്ഥ വ്യതിയാനങ്ങളും രോഗ ശല്യവുമാണ് ഉത്പാദനത്തിൽ കുറവുണ്ടാക്കുന്നത്.

എന്നാൽ വിലവർദ്ധന കർഷകനു കാര്യമായ ഗുണമുണ്ടാക്കുന്നില്ല. മൊത്തവ്യാപാരികൾ കുറഞ്ഞ വില നൽകിയാണ് കർഷകരിൽ നിന്നു തേങ്ങ വാങ്ങുന്നത്. മൊത്തമാർക്കറ്റിലേക്ക് 45 രൂപയ്ക്ക് എടുക്കുന്ന തേങ്ങ ചില്ലറ വിപണിയിൽ എത്തുമ്പോൾ 55 മുതൽ 60 രൂപ വരെയാവും. കഴിഞ്ഞ വർഷം മഴ കുറഞ്ഞതാണ് വിളവിനെ ബാധിച്ചതെന്ന് കർഷകർ പറയുന്നു. മഴക്കുറവ് തേങ്ങയുടെ തൂക്കത്തിലും കാര്യമായ കുറവ് വരുത്തി.

പദ്ധതികളിൽ പ്രതീക്ഷ

കേര കേരളം, സമൃദ്ധ കേരളം പദ്ധതി കർഷകർക്കു നൽകുന്നത് പുതിയ പ്രതീക്ഷകളാണ്. ആദ്യ ഘട്ടത്തിൽ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട പഞ്ചായത്തുകൾക്കു മാത്രമേ മികച്ച ഇനം തെങ്ങിൻ തൈകൾ ലഭിച്ചിരുന്നുളളൂ. പക്ഷേ വരും വർഷങ്ങളിൽ പദ്ധതി വ്യാപകമായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ഇതു തെങ്ങ് കൃഷിയുടെ വ്യാപനത്തിനു വഴിയൊരുക്കും. ഇക്കുറി മെച്ചപ്പെട്ട മഴ ലഭിച്ചതിനാൽ അടുത്ത സീസണിൽ വിളവ് വർദ്ധിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

ഉത്പാദനം പകുതി

കഴിഞ്ഞ 10 വർഷത്തിനിടെ നാടൻ തേങ്ങ ഉത്പാദനം പകുതിയിലധികം കുറഞ്ഞതായി നാളികേര വികസന ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നഷ്ടക്കണക്കായതോടെ പലരും തെങ്ങുകൃഷി ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കാലാവസ്ഥ വ്യതിയാനമാണ് തേങ്ങ കിട്ടാക്കനിയാക്കിയത്. നാട്ടിൻപുറങ്ങളിൽ പോലും തേങ്ങ ഇല്ലാതായതോടെ വിപണിയിൽ വില കുതിച്ചു. ഒരു കിലോ വെളിച്ചെണ്ണയുടെ വില 180ൽ നിന്ന് 210 വരെ എത്തി. ബ്രാൻഡഡ് വെളിച്ചെണ്ണയുടെ വിലയും ഉയർന്നിട്ടുണ്ട്.

വിലനിലവാരം

പച്ചത്തേങ്ങ കിലോ..........₹ 60
വെളിച്ചെണ്ണ കിലോ..........₹ 210
കൊപ്ര ക്വിന്റൽ.................₹ 12950

.........................

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ തെങ്ങുകൃഷിയിലുണ്ടായ കുറവിന് പ്രധാന കാരണം കാലാവസ്ഥ വ്യതിയാനമാണ്. മഴയുടെ അളവ് കുറഞ്ഞത് തെങ്ങിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്

(കൃഷി വകുപ്പ് അധികൃതർ)

............................

പച്ചത്തേങ്ങ വില കിലോയ്ക്ക് 45 രൂപയാണ്. ചില്ലറവിപണിയിൽ തേങ്ങാവില പലേടത്തും കിലോയ്ക്ക് 55 രൂപയ്ക്ക് മുകളിലാണ്. നാടൻ തേങ്ങയ്ക്ക് 60 ന് മുകളിലും. തേങ്ങയുടെ ലഭ്യതക്കുറവ് വെളിച്ചെണ്ണ മില്ലുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്

(രാജു, തേങ്ങാ വ്യാപാരി, കളരിക്കൽ)