
ശ്രീനാരായണ ഗുരുദേവ ഭക്തർ എല്ലാവർഷവും നടത്തിവരുന്ന അതിപവിത്രവും ഭക്തിനിർഭരവുമായ അനുഷ്ഠാനമാണ് ശിവഗിരി തീർത്ഥാടനം. ഡിസംബർ 30,31, ജനുവരി ഒന്ന് തീയതികളിലായി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുപോലും ലക്ഷക്കണക്കിന് ഗുരുഭക്തരാണ് ശിവഗിരിയിലെ പരമപവിത്രമായ മണ്ണിലെത്തി, മഹാസമാധി വലംവച്ച് സായൂജ്യം നേടുന്നത്.
ഭക്തിക്കുമപ്പുറം അറിവിന്റെ തീർത്ഥാടനം എന്നാണ് ശിവഗിരി തീർത്ഥാടനത്തെ ജ്ഞാനമുള്ളവർ വിശേഷിപ്പിക്കാറുള്ളത്. വിഭിന്നങ്ങളായ എട്ടുവിഷയങ്ങളെ ആധാരമാക്കിയുള്ള പ്രഭാഷണങ്ങളും ചർച്ചകളും കൊണ്ട് തീർത്ഥാടക സമൂഹത്തിന് ബോധത്തിന്റെ പുതിയ ഒരു തലം സൃഷ്ടിക്കുകയും അതിലൂടെ സമൂഹത്തിൽ ഗുണകരമായ മാറ്റമുണ്ടാക്കുകയുമാണ് തീർത്ഥാടനത്തിന്റെ ലക്ഷ്യം. ലോകം തന്നെ സങ്കീർണമായ ഒരു മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന ഈ ഘട്ടത്തിൽ ശിവഗിരി തീർത്ഥാടനത്തിലെ ജനപങ്കാളിത്തത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള എല്ലാ ഗുരുഭക്തരുടെയും കണ്ണുകൾ ഈ ദിവസങ്ങളിൽ ശിവഗിരിയിലേക്ക് തന്നെയാവും. ഗുരു തന്നെ അരുൾ ചെയ്ത സാങ്കേതിക പരിശീലനമെന്ന ആശയത്തിന്റെ വ്യാപ്തി അത്ഭുതകരമായി വർദ്ധിച്ചിട്ടുള്ളതിനാൽ ശിവഗിരിയിലെ ചടങ്ങുകൾ ഒരു ഭംഗവുമില്ലാതെ ലോകം കാണുകയും ചെയ്യും. ആചാര സംഹിതകളുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും പുണ്യസ്ഥലത്തേക്ക് ഒറ്റയ്ക്കോ കൂട്ടമായോ നടത്തുന്ന പുണ്യയാത്രയാണ് തീർത്ഥാടനം. നിരവധി തീർത്ഥാടനങ്ങൾ ഇത്തരത്തിൽ ലോകമെമ്പാടും നടക്കാറുമുണ്ട്. പക്ഷേ ഇവയിൽ നിന്നെല്ലാം ശിവഗിരി തീർത്ഥാടനം വ്യത്യസ്തമാവുന്നത് അതിന് പിന്നിലെ ദീർഘവീക്ഷണത്തിന്റെയും ശാസ്ത്രീയ അടിത്തറയുടെയും ബലത്തിലാണ്. നാളുകൾ ചെല്ലുംതോറും ശിവഗിരി തീർത്ഥാടനം കൂടുതൽ പുണ്യപ്രാപ്തി നേടുന്നതും അതിനാലാണ്. തീർത്ഥാടനത്തിന് ഗുരുദേവൻ നിർദ്ദേശിച്ച എട്ടുവിഷയങ്ങളിൽ മാത്രമല്ല, അതിന് അനുമതി നൽകും മുമ്പ് അദ്ദേഹം തന്റെ ശിഷ്യന്മാർക്ക് മുന്നിൽ അരുൾ ചെയ്ത ഉപാധികളിലുമുണ്ട് മാനവസമൂഹത്തിന്റെ പുരോഗതിക്കുള്ള ചില സൂചനകൾ. ആ അരുളപ്പാടിൽ തുടങ്ങുന്നു തീർത്ഥാടനത്തിന്റെ സത്തയും സാരാംശവും.
ഗുരുവിന്റെ അനുമതി
1928 ജനുവരി 19 ന് കോട്ടയം നാഗമ്പടം ക്ഷേത്രവളപ്പിലെ തേൻമാവിൻ ചുവട്ടിൽ ഗുരുദേവൻ വിശ്രമിക്കുമ്പോഴാണ്, ശിഷ്യന്മാരായ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരും ടി.കെ.കിട്ടൻ റൈറ്ററും തീർത്ഥാടന അനുമതി കാംക്ഷിച്ച് ഗുരുവിന് മുന്നിലെത്തുന്നത്. ഡിസംബർ അവസാനത്തിൽ തുടങ്ങി പുതുവർഷത്തിൽ സമാപിക്കും വിധം തീർത്ഥാടന കാലം നിശ്ചയിച്ചത് ഗുരുദേവനാണ്. പത്തു ദിവസക്കാലം ശ്രീബുദ്ധന്റെ പഞ്ചശുദ്ധി (ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി) അനുഷ്ഠിച്ച് തീർത്ഥാടനം നടത്താൻ അദ്ദേഹം അരുൾ ചെയ്തു. ദീർഘകാലത്തെ വ്രതമനുഷ്ഠിക്കലിന്റെ അപ്രായോഗികതയും ഗുരു തിരിച്ചറിഞ്ഞു. ബുദ്ധന്റെയോ ശ്രീകൃഷ്ണന്റെയോ നിറമായ മഞ്ഞ, തീർത്ഥാടന വസ്ത്രത്തിന് നിശ്ചയിച്ചപ്പോൾ, പട്ടുവസ്ത്രങ്ങളോ കോടിവസ്ത്രങ്ങളോ ആവരുതെന്നും ഉപയോഗിക്കുന്ന വെള്ളത്തുണി തന്നെ ശുദ്ധീകരിച്ച് മഞ്ഞൾ തേച്ചുപിടിപ്പിച്ചാൽ മതിയെന്നും ഗുരു നിർദ്ദേശിച്ചത് വലിയൊരു സാമ്പത്തിക അച്ചടക്കത്തിന്റെ ബാലപാഠമാണ്. തീർത്ഥാടനം ആർഭാട രഹിതമായിരിക്കണമെന്ന വലിയ കാഴ്ചപ്പാടായിരുന്നു അതിന് പിന്നിൽ. 'ഈഴവർ പണമുണ്ടാക്കും പക്ഷേ മുഴുവൻ ചെലവ് ചെയ്ത് കളയും. കടം കൂടി വരുത്തിവയ്‌ക്കും. മിച്ചം വയ്‌ക്കാൻ പഠിക്കണം. സമുദായം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നാക്കമാണ്. ഈ രീതി മാറണം.'ശിഷ്യരോട് പറഞ്ഞ ഈ വാക്കുകളിൽ പ്രകടമാണ് ഈഴവസമുദായം നേരിടുന്ന സാമ്പത്തിക , ധനകാര്യ തകർച്ചയിൽ അദ്ദേഹത്തിനുള്ള മനോവ്യഥയും ആശങ്കയും. അനുമതി നൽകി നാല് വർഷങ്ങൾ കഴിഞ്ഞാണ് തീർത്ഥാടനം തുടങ്ങുന്നത്.
എട്ട് വിഷയങ്ങൾ
തീർത്ഥാടനത്തോടനുബന്ധിച്ച് പ്രസംഗമത്സരങ്ങൾ നടത്താനും ചർച്ച ചെയ്യാനും നിർദ്ദേശിച്ച എട്ട് വിഷയങ്ങളുടെ ആഴവും വേരുകളും തുടങ്ങുന്നത് അദ്ദേഹം നേരത്തെ അരുൾ ചെയ്ത വാക്കുകളിലാണ്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നീ വിഷയങ്ങളാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഗുരുദേവൻ തീർത്ഥാടന അനുമതി നൽകി 92 വർഷങ്ങൾ കഴിയുമ്പോൾ നാം കാണുന്നത് ഗുരു നിർദ്ദേശിച്ച ഈ വിഷയങ്ങൾ മത്സരബുദ്ധിയോടെ ലോകം നടപ്പാക്കാൻ ശ്രമിക്കുന്നതാണ്. ലോകത്തിന്റെ ഇപ്പോഴത്തെ നിലനിൽപ്പും മുന്നോട്ടുള്ള പ്രയാണത്തിന്റെ ഊർജ്ജവും ഈ കാര്യങ്ങളിൽ അധിഷ്ഠിതമാണെന്ന് ലോകം തിരിച്ചറിയുന്നു. എല്ലാ പവിത്രതയോടും ഇവ പ്രയോഗതലത്തിൽ എത്തിച്ചെങ്കിലേ ഈ ഭൂമിയിൽ മാനവരാശി അവശേഷിക്കൂ എന്ന് ഓരോ രാജ്യവും മനസിലാക്കുന്നു.
ശ്രീനാരായണഗുരുദേവനെ ലോകഗുരുവായി അംഗീകരിക്കാനും അദ്ദേഹത്തിന്റെ ദർശനത്തിന് പ്രചാരം വർദ്ധിപ്പിക്കാനും ലോകരാജ്യങ്ങൾ മത്സരിക്കുന്നത്, ആ മഹത്തായ ദീർഘവീക്ഷണത്തിന്റെയും ഉൾക്കാഴ്ചയുടെയും മഹത്വം കാരണമാണ്. ഗുരുദേവൻ പറഞ്ഞിട്ടുള്ള ദർശനവും അദ്ദേഹത്തിന്റെ കൃതികളുടെ ആഴവും പൊരുളും അറിയാനും ഗ്രഹിക്കാനും ഓരോ വ്യക്തിയും സമൂഹവും നിതാന്തജാഗ്രത കാട്ടാൻ ശ്രമിക്കണമെന്ന ഉത്ബോധനമാവട്ടെ 88-ാമത് ശിവഗിരി തീർത്ഥാടനം.