 
ആലപ്പുഴ: ക്രിസ്മസ് രാത്രിയിലും അടുത്ത പുലർച്ചെയും ആലപ്പുഴ നഗരത്തിലുണ്ടായ രണ്ട്
ബൈക്കപകടങ്ങളിൽ വീട്ടമ്മയും യുവാവും മരിച്ചു.
വാടയ്ക്കൽ വാർഡിൽ തോട്ടുങ്കൽ വീട്ടിൽ മഹേശ്വരന്റെ ഭാര്യ മിനി (49), തുമ്പോളി ആറാട്ടുകുളം വീട്ടിൽ നിധിൻ തോമസ് (26) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ വാടപ്പൊഴിക്ക് സമീപം വീടിന് മുന്നിലുള്ള പൊതുടാപ്പിൽ നിന്ന് വെള്ളമെടുക്കവേയാണ് അമിതവേഗത്തിലെത്തിയ ബൈക്ക് മിനിയെ ഇടിച്ചത്. പത്തു മീറ്ററോളം വലിച്ചുകൊണ്ടു പോയ ശേഷമാണ് ബൈക്ക് നിറുത്താനായത്. തലയ്ക്ക് ക്ഷതമേറ്റ മിനി സംഭവസ്ഥലത്തു തന്നെ മരിച്ചു.ബൈക്ക് ഓടിച്ചിരുന്ന വാടക്കൽ അറയ്ക്കൽ വീട്ടിൽ സ്റ്റെഫിൻ (23) പരിക്കുകളോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. ചിന്നു, ചിഞ്ചു എന്നിവരാണ് മിനിയുടെ മക്കൾ. മരുമക്കൾ:സനൽ, രതീഷ്.
ആലപ്പുഴ ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ തടിലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചാണ് നിധിൻ തോമസ് മരിച്ചത്. ആലിശേരിയിലുള്ള ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു നിധിനെന്ന് ബന്ധുക്കൾ പറഞ്ഞു. ടൈൽ പണിക്കാരനാണ്. ഭാര്യ മീനു എലിസബത്ത്. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അമ്മ: റീത്താമ്മ തോമസ്. സഹോദരങ്ങൾ: ടിന്റു, ടിന്നു. മിനിയുടെയും നിധിന്റെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനകൾക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സൗത്ത് പൊലീസ് കേസ് എടുത്തു.