
കവറിൽ വേണം സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളിലെ ചേരുവകൾ
ആലപ്പുഴ: സൗന്ദര്യവർദ്ധക വസ്തുക്കളുടെ കവറിൽ എല്ലാ ചേരുവകളും അളവും നിർബന്ധമായും രേഖപ്പെടുത്തണമെന്ന് നിർദ്ദേശം. ഒരു ശതമാനത്തിൽ താഴെയുള്ള ചേരുവകൾ പോലും വ്യക്തമായി കാട്ടണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ് ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിത്യോപയോഗ വസ്തുവായ ടൂത്ത് പേസ്റ്റ് ഉൾപ്പെടെ നിയമ പരിധിയിൽ വരും. രാജ്യത്ത് നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ സൗന്ദ്യര്യ വർദ്ധക ഉത്പന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാനായി സെൻട്രൽ കോസ്മറ്റിക്ക് ലബോറട്ടറി സ്ഥാപിക്കാനും സംസ്ഥാനങ്ങളിൽ ഉടനീളം ഇൻസ്പെക്ടർമാരെ നിയമിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. മേക്കപ്പ് ഉത്പ്പന്നങ്ങളുടെ കവറിൽ മുഴുവൻ ചേരുവകളുടേയും അളവ് രേഖപ്പെടുത്തണമെന്ന് മുമ്പ് നിർബന്ധമുണ്ടായിരുന്നില്ല. ഈ ന്യൂനത മറയാക്കി ഉത്പാദനത്തിനും വിൽപ്പനയ്ക്കുമുള്ള ലൈസൻസുകൾ കൈക്കലാക്കിയ സ്ഥാപനങ്ങളുണ്ട്. വ്യാജ സൗന്ദര്യർദ്ധക ഉത്പന്ന നിർമ്മാതാക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിലവിലെ നിയമം അപര്യാപ്തമായിരുന്നു. മരുന്ന് സാങ്കേതിക ഉപദേശക സമിതിയുമായി കൂടിയാലോചിച്ചാണ് പുതിയ നിയമ ഭേദഗതി വരുത്തിയിരിക്കുന്നത്.
ഹെയർ ഡൈയിൽ അടങ്ങിരിക്കുന്ന പാര ഫിനൈലെനെഡിയാമൈൻ, മറ്റ് ചായങ്ങൾ, നിറങ്ങൾ എന്നിവയുടെയും ടൂത്ത് പേസ്റ്റിലെ ഫ്ലൂറൈഡ് ഉള്ളടക്കത്തെക്കുറിച്ചും നിർദ്ദിഷ്ട നിയമപ്രകാരം ലേബൽ ചെയ്യാൻ പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ കോസ്മറ്റിക്ക് ഉത്പാദന ശാലകളിലും മൂന്ന് വർഷത്തിലൊരിക്കൽ നിർബന്ധിത പരിശോധനയാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ പരിശോധന എല്ലാ വർഷവും നടത്തണമെന്ന് ഉത്തരവിൽ ഭേദഗതി വേണമെന്ന ആവശ്യവുമുണ്ട്.
വ്യാജൻമാർ വിലസുന്നു
മുടി വളരാനുള്ള വൈറ്റമിൻ ഇ ഗുളികകൾ, കറ്റാർവാഴപ്പോള ജെൽ, തലമുടിക്ക് നിറം നൽകുന്ന ഹെന്ന പൗഡർ, മുഖത്ത് തേക്കുന്ന ആയുർവേദ പൗഡറുകൾ തുടങ്ങിയവയിലാണ് സംസ്ഥാനത്ത് വ്യാജന്മാർ വിലസുന്നത്. ചൈനയിൽ നിന്നാണ് ഇവയുടെ വരവ്. ചെന്നൈ കേന്ദ്രമായാണ് ഇവ വൻതോതിൽ ഇറക്കുമതി ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളിലെ വിപണികളിലേക്ക് ഇവ ഒഴുകുന്നു. ഇതിന്റെ ഗുണനിലവാരമോ പാർശ്വഫലങ്ങളോ പരിശോധനകളിലൂടെ തെളിയിച്ചിട്ടില്ല. ഉപയോഗിച്ച ചിലർക്ക് പാർശ്വഫലങ്ങൾ ഉണ്ടായെന്ന് ഡ്രഗ്സ് കൺട്രോളർക്ക് പരാതി ലഭിച്ചതിനെ തുടർന്ന് ഈ വർഷം ആദ്യം സംസ്ഥാനത്ത് നിന്ന് വ്യാജ കോസ്മറ്റിക്ക് ഉത്പന്നങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.
.........................
നിത്യം ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിലെ ഫ്ലൂറൈഡിന്റെ അളവ് എത്രയെന്ന് പോലും നമ്മൾ അറിയുന്നില്ല. അമിതമായ ഫ്ലൂറൈഡ് ഉപയോഗം മനുഷ്യരിൽ അസ്ഥിക്കും പല്ലിന്റെ നിറത്തിനും ഘടനയ്ക്കും ദോഷകരമാണ്. 20 മില്ലിഗ്രാമിന് മുകളിൽ ഫ്ലൂറൈഡ് ചേർന്നവ നിയന്ത്രിക്കുന്നത് നല്ലതാണ്. ഇറക്കുമതി നിരോധിച്ച ഹെക്സാക്ളോറോഫിൻ പോലുള്ളവ തടയാൻ ഈ നിയമത്തിന് സാധിക്കുമെന്ന് കരുതാം
സി.സനൽകുമാർ, റീട്ടെയിൽ ഔഷധ ഫോറം സംസ്ഥാന ചെയർമാൻ