ആലപ്പുഴ: ആലപ്പുഴക്കാർക്ക് ബീച്ചെന്നാൽ ആഘോഷങ്ങളുടെ പര്യായം തന്നെയാണ്. അതുകൊണ്ടു തന്നെ ക്രിസ് മസിന് ആഘോഷങ്ങൾക്കായി ഇളവുകളോടെ കടൽത്തീരം വിട്ടു നൽകി. എന്നാൽ അത് വലിയ പൊല്ലാപ്പായതുപോലെയായിരിക്കുകയാണിപ്പോൾ.
നിരന്തര അഭ്യർത്ഥനകൾ ലഭിച്ച മുറയ്ക്കാണ് ബീച്ചിൽ ചെലവഴിക്കാനുള്ള സമയ പരിധി രണ്ട് ദിവസത്തേക്ക് രാത്രി എട്ട് മണി വരെ നീട്ടിക്കൊണ്ട് ജില്ലാ കളക്ടർ എ.അലക്സാണ്ടർ ഉത്തരവിട്ടത്. ക്രിസ്മസ് രാവിൽ പൊലീസിന് നിയന്ത്രിക്കാനാവാത്ത വിധം കടൽത്തീരത്തേക്ക് ജനം ഒഴുകിയെത്തി. പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കും വയോജനങ്ങൾക്കും നിയന്ത്രണമുണ്ടായിരുന്നെങ്കിലും പലരും ചെവിക്കൊണ്ടില്ല. എട്ട് മണിക്ക് ശേഷവും പ്രദേശത്ത് തങ്ങിയവരെ ഏറെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് നീക്കിയത്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ പുതുവർഷ രാവിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സാധ്യത.
സാധാരണ ജില്ലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നുമായി ആയിരക്കണക്കിന് പേരാണ് പുതുവർഷത്തെ വരവേൽക്കാൻ ആലപ്പുഴ ബീച്ചിൽ ഒത്തുചേരാറുള്ളത്. ഇതേ സമയത്താണ് ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബീച്ച് ഫെസ്റ്ററും അരങ്ങേറാറുണ്ടായിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ എല്ലാ ആഘോഷങ്ങളും മാറ്റിവച്ചു.
എന്നിരുന്നാലും വർണ ബലൂണുകൾ ആകാശത്തേക്ക് കൂട്ടത്തോടെ പറത്തി പുത്തൻ വർഷത്തെ എതിരേൽക്കുന്ന പതിവ് ആചാരം തുടരാൻ പലരുമെത്താൻ സാധ്യതയുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾ നിയന്ത്രിക്കാൻ കൊണ്ടുവന്ന കർശന നിയന്ത്രണങ്ങൾക്കു സമാനമായ സജ്ജീകരണങ്ങൾ പുതുവർഷ രാവിലും ജില്ലാ പൊലീസ് ഏർപ്പെടുത്തും. മദ്യപിച്ചുള്ള വാഹനയാത്ര, അമിത വേഗം തുടങ്ങിയവ നിയന്ത്രിച്ച് അപകടനിരക്ക് കുറയ്ക്കാനും നടപടികളുണ്ടാവും.
................................
ജനത്തിന്റെ നിരന്തര അഭ്യർത്ഥനകൾ വന്നതിനെത്തുടർന്നാണ് ക്രിസ്മസിനോടനുബന്ധിച്ച് രണ്ട് ദിവസം ബീച്ചിൽ നിയന്ത്രണങ്ങൾക്ക് ജില്ലാ ഭരണകൂടം ഇളവ് നൽകിയത്. എന്നാൽ പരിധിക്ക് അപ്പുറം ആളുകൾ ഒഴുകിയെത്തി. അതിനാൽ ജില്ലാ കളക്ടറുമായി വിശദമായ ചർച്ച നടത്തിയ ശേഷമേ നിയന്ത്രണങ്ങളിൽ താത്കാലിക ഇളവ് നൽകുന്ന കാര്യം തീരുമാനമാകൂ.
എം.മാലിൻ, ഡി.ടി.പി.സി സെക്രട്ടറി