photo
വിദഗ്ധ പരിശീലനം ലഭിച്ച ലിസി എന്ന പൊലീസ് നായയെ ഉപയോഗിച്ചുള്ള പരിശോധന


ആലപ്പുഴ: ലഹരി വസ്തുക്കളുടെ ഉപയോഗവും അനധികൃത വില്പനയും തടയാൻ ജില്ലാ ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ (ഡൻസാഫ്) പ്രവർത്തനങ്ങൾ ശക്തമാക്കി. ജില്ലാ അതിർത്തികൾ, റെയിൽവെ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവി​ടങ്ങളിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച ലിസി എന്ന പൊലീസ് നായയെ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി. കഴിഞ്ഞ ഏഴ് ദിവസം വിവിധപ്രദേശങ്ങളിലായി 478 ഓളം പരിശോധനകൾ നടത്തി 25 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളിൽ 123 ഗ്രാം കഞ്ചാവും 35 സ്ട്രിപ്പ് ഫാർമസ്യൂട്ടിക്കൽ ഡ്രഗ്സും പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് 27 പേരെ അറസ്തുചെയ്തു. മൂന്ന് പേർക്ക് എതിരെ ആന്റി സോഷ്യൽ ആക്റ്റിവിറ്റി​സ് പ്രിവന്റി​വ് നിയമം അനുസരിച്ച് നടപടിക്കായി ശുപാർശ ചെയ്തു.

പുതുവത്സരാഘോഷ വേളയിലും ഉത്സവകാലത്തും അനധിക്യത മദ്യവിൽപ്പനയടക്കം നിരീക്ഷിച്ച് മുൻ കാലപ്രതികളെ നിരീക്ഷണത്തിലും വരുത്തുകയും ചെയ്യാൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സർക്കാർ വകുപ്പുകളുടെയും യോഗം തീരുമാനിച്ചു.

ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു വിളിച്ചു ചേർത്ത യോഗത്തിൽ എടുത്ത തീരുമാനം അനുസരിച്ച് എക്സൈസ്, റെയിൽവേ, കസ്റ്റംസ്, പോർട്ട്, ഇന്റലിജൻസ് ബ്യൂറോ എന്നിവയുടെ നേതൃത്വത്തിൽ സയുക്ത പരിശോധന നടത്തുവാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയ്ക്ക് അഡി​ഷണൽ ജില്ലാ പൊലീസ് സൂപ്രണ്ട് എൻ.രാജന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം നടത്തിയ ആന്റി ഡ്രഗ് ഡ്രൈവിൽ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മി​ഷണർ അനിൽകുമാർ, ആർ.പി.എഫ് ഇൻസ്പെക്ടർ എം.എസ്.മീണ, കസ്റ്റംസ് ഇൻസ്പെക്ടർ വിനോദ് ആന്റണി, വിവിധ പൊലീസ് സ്റ്റേഷൻ ഓഫീസർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

.........................

7

ഏഴ് ദിവസം വിവിധപ്രദേശങ്ങളിലായി 478 പരിശോധന

25

25 കേസുകൾ രജിസ്റ്റർ ചെയ്തു

27

27 പേർ അറസ്റ്റി​ൽ

.............................