കറ്റാനം: ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ്- ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ 5 പേർക്ക് മർദ്ദനമേറ്റു. യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ഭരണിക്കാവിൽ വട്ടപ്പണപടീറ്റതിൽ വിഷ്ണു (24), സഹോദരൻ വിജീഷ് (21), വട്ടപ്പണയിൽ സൂര്യ ബാബു (21), ഉണ്ണി (20), ഡി.വൈ.എഫ്.ഐ കറ്റാനം മേഖല വൈസ് പ്രസിഡന്റ് ഐക്യരേത്ത് വീട്ടിൽ രാഹുൽ (30) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ മാവേലിക്കര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിഷ്ണുവും ഉണ്ണിയും, ഡി.വൈ എഫ് ഐ പ്രവർത്തകനായ രാഹുലും തമ്മിൽ ആൽത്തറ മുക്കിന് സമീപം വച്ച് തർക്കമുണ്ടായി. രാത്രി 10ഓടെ സംഘടിച്ചെത്തിയ ആറംഗ സംഘം വിഷ്ണുവിന്റെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന് ഗൃഹോപകരങ്ങളൾ നശിപ്പിക്കുകയും സുഹൃത്തുക്കളുടെ രണ്ട് ബൈക്കുകൾ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തെന്ന് വീട്ടുകാർ പൊലീസിൽ പറഞ്ഞു. സംഭവത്തിൽ കുറത്തികാട് പൊലീസ് കേസെടുത്തു.