മാവേലിക്കര: ഡി.വൈ.എഫ്.ഐ കറ്റാനം മേഖലാ ജോയിന്റ് സെക്രട്ടറി രാഹുലിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു.
സി.പി.എം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വെള്ളിയാഴ്ച വൈകിട്ട് 5ന് ഭരണിക്കാവ് ആൽത്തറ ജംഗ്ഷന് തെക്കുഭഗത്ത് വച്ചാണ് എട്ടംഗ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറത്തികാട് പൊലീസ് കേസെടുത്തു.
സംഭവത്തിൽ സി.പി.എം കറ്റാനം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സി.പി.എം ആവശ്യപ്പെട്ടു. ഭരണിക്കാവ് ആൽത്തറ ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കോശി അലക്സ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കറ്റാനം ലോക്കൽ കമ്മറ്റി സെക്രട്ടറി സിബി വർഗ്ഗീസ്, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ജൂൺ, മനോജ്, സുജിത്ത്, സി.ദിവാകരൻ എന്നിവർ സംസാരിച്ചു.