വള്ളികുന്നം: കെ.പി റോഡിൽ രാത്രികാല വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് കടന്ന മിനിലോറി ഡ്രൈവറെ 6 കിലോമീറ്റർ പൊലീസ് പിന്തുടർന്ന് പിടികൂടി. വടകര പതിയാരക്കര വലിയപറമ്പത്ത് മുഹമ്മദ് ഫാസിൽ (31) ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് സംഭവം. ബേക്കറി സാധനങ്ങളുമായി അടൂരിൽ നിന്നു ഓച്ചിറയിലേക്കു പോകും വഴി കറ്റാനത്തു വെച്ച് പൊലീസ് കൈ കാണിച്ചെങ്കിലും നിറുത്താതെ പോകുകയായിരുന്നു. ചൂനാട് തെക്കേ ജംഗ്ഷനിൽ വച്ചാണ് പിടികൂടിയത്. പൊലീസിനെ അസഭ്യം പറഞ്ഞ ഇയാൾ ആക്രമിക്കാനും ശ്രമിച്ചു. സി.പി.ഒ ജിഷ്ണുവിന് പരിക്കേറ്റ. മുഹമ്മദ് ഫാസിലിനെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാഹനം പാെലീസ് കസ്റ്റഡിയിൽ എടുത്തു.