
അരൂർ: ദേശീയപാതയിൽ അരൂർ ഇന്ത്യൻ ഓയിൽ പമ്പിന് സമീപം യു ടേൺ തിരിയുന്നതിനിടെ ബൈക്കിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു.
അരൂർ പഞ്ചായത്ത് അഞ്ചാം വാർഡ് പറപ്പള്ളിൽ വീട്ടിൽ രാജേന്ദ്രന്റെയും ശ്രീജയുടെയും മകൻ അമൽ രാജ് (20), മരട് തേലപ്പറമ്പിൽ പെരുപറമ്പ് ബാബുവിന്റെയും നൈജയുടെയും മകൻ അതുൽ (19) എന്നിവരാണ് മരിച്ചത്. അരൂർ പറപ്പള്ളിൽ (മുക്കമ്പത്ത്) മുരളിയുടെയും ബിസിയുടെയും മകൻ ദിൽജിത്തിനെ (19) ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
25ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നു മൂകാംബികയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ, വട്ടക്കേരിൽ ക്ഷേത്രം റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറി യു ടേൺ തിരിഞ്ഞ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് അരൂർ പൊലീസ് പറഞ്ഞു. അതുൽ ആണ് ബൈക്ക് ഓടിച്ചിരുന്നത്. രണ്ടു പേരാണ് പിൻസീറ്റിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിൽ തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ അമൽ രാജ് സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അതുൽ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മരിച്ചു. അമൽരാജിന്റെ സഹോദരൻ അഭിരാജ്. അതുലിന്റെ സഹോദരി: അമൃത