
തുറവൂർ: സ്വകാര്യബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ, മുന്നോട്ട് നീങ്ങിയ ബസിനടിയിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം. കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് വൈപ്പിശേരിൽ പുരുഷോത്തമൻ (കുഞ്ഞപ്പൻ- 68) ആണ് മരിച്ചത്. തുറവൂർ-കുമ്പളങ്ങി റോഡിൽ പറയകാട് നാലുകുളങ്ങര ജംഗ്ഷനിൽ ഇന്നലെ രാവിലെ 11ന് ആയിരുന്നു അപകടം. ജംഗ്ഷന്റെ കിഴക്ക് ഭാഗത്തു നിന്നു റോഡ് കുറുകെ കടന്ന് ബസിന് മുന്നിലൂടെ നടക്കുന്നതിനിടെ ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു. വൈറ്റില ഹബ്ബിലേക്ക് പോകുകയായിരുന്നു ബസ്. ബസിനടിയിൽപ്പെട്ട പുരുഷോത്തമന്റെ ശരീരത്തിലൂടെ മുൻചക്രം കയറിയിറങ്ങി. മൃതദേഹം ചേർത്തല താലൂക്ക് മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ഇന്ന് സംസ്കാരം നടത്തും.ഭാര്യ: ഓമന. മക്കൾ: ഷാജി, ഷീജ. മരുമക്കൾ: ഗീതു, സജി.