 
 കുട്ടികളുടെ പാർക്കും ഹൗസ്ബോട്ട് ടെർമിനലും നശിക്കുന്നു
ആലപ്പുഴ: തോട്ടപ്പള്ളി കായൽതീരത്ത് നിർമ്മാണം പൂർത്തിയായ ഹൗസ്ബോട്ട് ടെർമിനലും കുട്ടികളുടെ പാർക്കും നോക്കുകുത്തിയായി നിൽക്കുമ്പോഴും തുടർനടപടിയെപ്പറ്റി അധികൃതർ ചിന്തിക്കുന്നുപോലുമില്ല. ഹൗസ്ബോട്ട് ടെർമിനൽ അടഞ്ഞു കിടക്കുകയാണ്. കുട്ടികളുടെ പാർക്കാവട്ടെ, കാടുപിടിച്ച് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി.
ആലപ്പുഴ മെഗാടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി ചിലവഴിച്ചാണ് പാർക്ക് നിർമ്മിച്ചത്. ടൂറിസത്തിന് വലിയ സാദ്ധ്യതകൾ ഉള്ള പ്രദേശമാണ് തോട്ടപ്പള്ളി തീരമെങ്കിലും അനുയോജ്യമായ നീക്കങ്ങൾ ഒന്നുമുണ്ടാവുന്നില്ല. പാർക്കിലെ നിർമ്മിതികൾക്ക് പുറക്കാട് ഗ്രാമപഞ്ചായത്ത് നമ്പർ അനുവദിക്കാത്തതിനാൽ വൈദ്യുതി ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഉദ്ഘാടനവും നടന്നിട്ടില്ല. തീര പരിപാലന നിയമത്തിന്റെ ലംഘനമാണോ എന്ന സംശയമുന്നയിച്ച് പുറക്കാട് പഞ്ചായത്ത് സെക്രട്ടറി എഴുതിയ കുറിപ്പാണ് പാർക്കിനും ഹൗസ്ബോട്ട് ടെർമിനലിനും വിനയായത്. ഇരു നിർമ്മാണങ്ങളും പൂർത്തിയായിട്ട് രണ്ടു വർഷത്തിലേറെയായി.
ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ള തോട്ടപ്പള്ളി പാെഴിമുഖത്തെ ടൂറിസം അധികൃതർ പൂർണ്ണമായും അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. വെള്ളപ്പൊക്ക കാലത്ത് മുറിച്ചു നീക്കാനുള്ള ഇടമായി മാത്രം മാറിയിരിക്കുകയാണ് തോട്ടപ്പള്ളി പൊഴിമുഖം. ആലപ്പുഴ ബീച്ചിനു സമാനമായി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പ്രദേശമാണ് തോട്ടപ്പള്ളി പൊഴിമുഖം. നിലവിൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് കുട്ടികളുടെ പാർക്ക്. ഇവിടെ നിന്ന് കഞ്ചാവു ചെടികൾ എക്സൈസ് സംഘം കണ്ടെത്തിയിരുന്നു.
കന്യാകുമാരിയിലെ പോലെ ഉദയാസ്തമന ഭംഗി ആസ്വദിക്കാൻ കഴിയുന്നതും സീസണുകളിൽ ദേശാടന പക്ഷികൾ എത്തുന്നതുമായ അപൂർവ പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് തോട്ടപ്പള്ളി പൊഴിമുഖം. ദേശീയപാതയും ദേശീയജലപാതയും അൻപത് മീറ്ററിനുള്ളിലാണ്. ഈ ഭാഗത്ത് കടലിന് ആഴക്കുറവായതിനാൽ അപകട സാദ്ധ്യതയും കുറവാണ്.
 എന്തിനോ വേണ്ടിയൊരു ടെർമിനൽ
കുട്ടനാട്,അപ്പർകുട്ടനാട് പ്രദേശത്തെ വെളളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുന്നതിന് 1952ൽ സി.കേശവൻ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് തോട്ടപ്പളളി ലീഡിംഗ് ചാനലും കൃത്രിമ പൊഴിയും നിർമ്മിച്ചത്. 360 മീറ്റർ വീതിയും ഒരു കിലോമീറ്റർ നീളവുമുളള ചാലിന്റെ മദ്ധ്യ ഭാഗത്തുകൂടിയാണ് ദേശീയപാതയിലെ തോട്ടപ്പളളി സ്പിൽവേ പാലം കടന്നു പോകുന്നത്. 96 ലക്ഷം ചിലവഴിച്ച് കനാൽ തീരത്താണ് ഹൗസ് ബോട്ട് ടെർമിനൽ നിർമ്മിച്ചത്. നമ്പർ ലഭിക്കാത്തതിനാൽ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. പ്രവർത്തനം ആരംഭിക്കാത്തതിനാൽ പീലിംഗ് ഷെഡിൽ നിന്നുള്ള ചെമ്മീൻ തോട് രാത്രികാലത്ത് വാഹനങ്ങളിൽ കൊണ്ടു വന്ന് പുഴയിലേക്ക് തള്ളുന്നത് ടെർമിനലിന്റെ ഫ്ളാറ്റ് ഫോമിൽ നിന്നാണ്.
.............................
അവധി ദിവസങ്ങളിൽ നിരവധി പേരാണ് തോട്ടപ്പള്ളി പൊഴിമുഖത്ത് എത്തുന്നത്. തീരപരിപാലനത്തിന്റെ പേരു പറഞ്ഞ് പാർക്ക് ഉദ്ഘാടനം ചെയ്യാൻ പഞ്ചായത്തും ഡി.ടി.പി.സിയും തയ്യാറാകുന്നില്ല. വേനൽക്കാലത്ത് എത്തുന്ന സഞ്ചാരികൾക്ക് സ്പിൽവേ ചാനലിൽ സുരക്ഷിതമായി തുഴഞ്ഞു നടക്കാൻ കഴിയുന്ന ചെറുവളളങ്ങളോ പെഡൽബോട്ടുകളോ ഒരുക്കാൻ അധികൃതർ താത്പര്യം കാട്ടണം
അഡ്വ. എസ്.ജ്യോതികുമാർ, പ്രസിഡന്റ്, തോട്ടപ്പള്ളി ടൂറിസം വികസന സൊസൈറ്റി
.................................
തീരപരിപാലന നിയമത്തിന്റെ തടസം നീക്കി കെട്ടിടങ്ങൾക്ക് നമ്പർ ലഭ്യമാക്കാൻ ടൂറിസം വകുപ്പ് കെ.എസ് എന്ന ഏജൻസിയെ ചുമതലപ്പെടുത്തി. നമ്പർ ലഭിച്ചാൽ വൈദ്യുതി, കുടിവെള്ള കണക്ഷൻ എടുത്ത് ഇരുപദ്ധതികളും ഉദ്ഘാടനം ചെയ്യും. പുതിയ പഞ്ചായത്ത് ഭരണസമിയുമായി വീണ്ടും ചർച്ച ചെയ്യും
അഭിലാഷ്, ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം വകുപ്പ്
........................
നിർമ്മാണം പൂർത്തീകരിച്ച പദ്ധതികൾ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയാൽ പ്രദേശത്ത് ടൂറിസം വികസനം സഫലീകരിക്കാൻ സാധിക്കും. തീരപരിപാലന നിയമം ഇതിന് തടസമാകില്ല. പഞ്ചായത്തും ഡി.ടി.പി.സിയും മുൻകൈയെടുക്കണം
സെക്രട്ടറി, പൗരസമിതി