 
 ശമ്പളം പേരിലൊതുങ്ങുന്നു
ആലപ്പുഴ: സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ പ്രഖ്യാപിച്ച ഹയർ സെക്കൻഡറി അദ്ധ്യാപക നിയമന അംഗീകാരം എന്ന വാഗ്ദാനം പാലിക്കപ്പെടാതെ ഇഴയുന്നു. സംസ്ഥാനത്ത് സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ 103 ബാച്ചുകളിലായി 500ൽ പരം അദ്ധ്യാപകർക്കാണ് നിയമനാംഗീകാരം ലഭിക്കാത്തത്. 2014 മുതൽ 2016 വരെ പുതുതായി അനുവദിച്ച ഹയർ സെക്കൻഡറി സ്കൂളുകളിലെ അദ്ധ്യാപകർക്കാണ് ദുരിതം.
ആറ് വർഷമായി ശമ്പളമോ, ജോലി സ്ഥിരതയോ ഇല്ലാത്ത അവസ്ഥയിലാണ് അദ്ധ്യാപകരിൽ പലരും. കഴിഞ്ഞ വർഷം വരെ ഗസ്റ്റ് സാലറി എന്ന പേരിലെങ്കിലും വരുമാനം ലഭിക്കുമായിരുന്നു. എന്നാൽ ഇത്തവണ ക്ലാസുകൾ ഓൺലൈനിൽ ഒതുങ്ങിയതോടെ ശമ്പളക്കാര്യവും അനിശ്ചിതമായി നീളുകയാണ്.
ഒരു ബാച്ചിൽ കുറഞ്ഞത് 50 കുട്ടികൾ വേണമെന്ന 2014ലെ ഉത്തരവാണ് നിയമന അംഗീകാരത്തിന് വിനയായത്. ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ്, നെറ്റ്, എം ഫിൽ, പി എച്ച് ഡി യോഗ്യതകൾ ഉള്ളവർക്കാണ് ഈ ഗതികേട്. പുതിയ നിയമം പ്രാബല്യത്തിൽ വന്ന 2014ൽ ചുരുങ്ങിയത് 40 കുട്ടികളും, 2015ൽ 50 കുട്ടികളും ഒരു ബാച്ചിലുണ്ടെങ്കിൽ തസ്തിക സൃഷ്ടിക്കാമെന്നായിരുന്നു നിയമം. ആദ്യ വർഷം 40 കുട്ടികൾ തികയാത്ത 44 ബാച്ചുകളും, അടുത്ത വർഷം 50 കുട്ടികൾ തികയാത്ത 39 ബാച്ചുകളും സംസ്ഥാനത്തുണ്ടായിരുന്നു. എന്നാൽ 2017 മുതൽ സ്ഥിതി വ്യത്യസ്തമാണ്. ഭൂരിഭാഗം ബാച്ചുകളിലും 50ലധികം വിദ്യാർത്ഥികൾ അഡ്മിഷനെടുക്കുന്നുണ്ട്. നിലവിൽ സേവനം കണക്കെ ജോലി ചെയ്യുന്ന പല അദ്ധ്യാപകരും പെൻഷൻ പ്രായത്തോട് അടുത്തവരാണ്. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെട്ടതായിരുന്നു അവസാന പ്രതീക്ഷ. എന്നാൽ അടുത്ത ഘട്ടം പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും നിയമനം എന്നത് ഈ അദ്ധ്യാപകർക്ക് മുന്നിൽ ചോദ്യചിഹ്നമാവുകയാണ്.
തസ്തിക നിയമനം നടക്കാത്ത ബാച്ചുകൾ
# സർക്കാർ സ്കൂൾ
 2014-15: 13 ബാച്ചുകൾ
 2015-16: 14 ബാച്ചുകൾ
# എയ്ഡഡ് സ്കൂൾ
 2014-15: 32 ബാച്ചുകൾ
 2015-16: 44 ബാച്ചുകൾ
...........................
ആകെ: 103 ബാച്ചുകളിൽ 500ൽ അധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു
..............................
ഒക്ടോബർ ഒന്നിനു പ്രഖ്യാപിച്ച 100 ദിന കർമ പരിപാടിയിലെ വാഗ്ദാനമാണ് ഹയർസെക്കൻഡറിയിൽ 425 പുതിയ തസ്തിക എന്നത്. അത് നാളിതുവരെ നടപ്പിലാക്കാതെ ഹയർ സെക്കൻഡറി അദ്ധ്യാപകരെ വഞ്ചിക്കുകയാണ് സർക്കാർ
എസ്.മനോജ് (ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ)