 
 തുറവൂർ താലൂക്ക് ആശുപത്രിയോട് അവഗണന
തുറവൂർ: ദേശീയപാതയോരത്തുള്ള സർക്കാർ ആശുപത്രിയായ തുറവൂർ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയും ആംബുലൻസുമുണ്ടെങ്കിലും ഫ്രീസർ സംവിധാനം ഇല്ലാത്തത് സ്വകാര്യ ആശുപത്രികൾക്ക് ഗുണപ്പെടുന്നു. മൃതദേഹവുമായി കിലോമീറ്ററുകൾ താണ്ടി ഫ്രീസർ സൗകര്യമുള്ള ആശുപത്രികളെ അഭയം പ്രാപിക്കേണ്ട ഗതികേടാണ് ഇവിടെ.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ളതാണ് ആശുപതി. നിലവിൽ ആശുപത്രിയിലെ മോർച്ചറിയിൽ എത്തിക്കുന്ന മൃതദേഹം അന്നു തന്നെ പോസ്റ്റ്മോർട്ടം നടത്താൻ കഴിയുമെങ്കിൽ മാത്രമേ സൂക്ഷിക്കാറുള്ളു. ദേശീയപാതയിലും മറ്റ് റോഡുകളിലും നടക്കുന്ന വാഹനാപകടങ്ങളിൽ പരിക്കേറ്റവരെയും മരിച്ചവരെയും ആദ്യം എത്തിക്കുന്നത് തുറവൂർ താലൂക്ക് ആശുപത്രിയിലാണ്. രാത്രികാലങ്ങളിലും പോസ്റ്റ്മോർട്ടം നടക്കാത്ത സമയത്തും ആശുപത്രിയിൽ വച്ച് മരിച്ചയാളിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി മറ്റേതെങ്കിലും മോർച്ചറിയിലേക്ക് മാറ്റുകയാണ് പതിവ്.
ആഴ്ചയിൽ 4 മുതൽ 6 വരെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ എത്തിക്കാറുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ഒന്ന് മുതൽ രണ്ടു വരെയുള്ള ദിവസങ്ങളിലായി സാമ്പിൾ പരിശോധന വരുന്നതുവരെ മൃതദേഹം സൂക്ഷിക്കണം. നിലവിൽ തുറവൂർ ഗവ. ആശുപത്രിയിൽ ഇതിന് സൗകര്യമില്ലാത്തതിനാൽ ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലോ കൊച്ചിയിലെ ഫ്രീസറുള്ള ആശുപത്രികളിലെയോ മോർച്ചറിയിൽ മൃതദേഹം എത്തിച്ചു സൂക്ഷിക്കേണ്ട അവസ്ഥയാണിപ്പോൾ. ഇത് വളരെയധികം സമയനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്നതായാണ് വ്യാപക പരാതി.
വയലാർ മുതൽ അരൂർ വരെയുള്ള 7 പഞ്ചായത്തുകളാണ് തുറവൂർ താലൂക്ക് ആശുപത്രിയുടെ സേവനപരിധിയിൽ വരുന്നത്. ചില ദിവസങ്ങളിൽ അന്യദേശങ്ങളിൽ നിന്നു പോലും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇവിടത്തെ മോർച്ചറിയിൽ എത്തിക്കാറുണ്ട്. 2014ൽ എ.എം.ആരിഫ് എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിലുൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിലാണ് മോർച്ചറി പ്രവർത്തിക്കുന്നത്.
 വികസിക്കുന്നുണ്ട്, അടിസ്ഥാനം
അരൂർ നിയോജക മണ്ഡലത്തിലെ ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. പ്രാഥമികാരോഗ്യ കേന്ദ്രമായാണ് തുടക്കം. ശേഷം സാമൂഹികാരോഗ്യ കേന്ദ്രമായും പിന്നീട് താലൂക്ക് ആശുപത്രിയായും ഉയർന്നു. കോടികൾ മുടക്കിയുള്ള ബഹുനില കെട്ടിടങ്ങളുൾപ്പടെ നിർമ്മാണം പുരോഗമിക്കുകയാണ്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുവെങ്കിലും മോർച്ചറിയുടെ വികസനം ആരോഗ്യ വകുപ്പും ജനപ്രതിനിധികളും മറന്ന മട്ടാണ്.
 മൊബൈൽ ഫ്രീസറും സ്വാഹ
ആശുപത്രിയിലെ മൊബൈൽ ഫ്രീസറും പണിമുടക്കി പൊടി പിടിച്ചിരിപ്പാണ്. മൊബൈൽ ഫ്രീസർ സൗകര്യം വർഷങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ ഉണ്ടായിരുന്നതാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് കഴിഞ്ഞ ഭരണ സമിതി ലക്ഷങ്ങൾ മുടക്കിയാണ് തുറവുർ ആശുപത്രിയിലേക്കും വെട്ടയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും ഓരോന്നു വീതം വാങ്ങി നൽകിയത്. വീടുകളിൽ ഉപയോഗത്തിന് കുറഞ്ഞ വാടക നിരക്കിൽ ലഭിക്കുമെന്നത് ആശ്വാസകരമായിരുന്നു.