 
ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ ഇരവുകാട് വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ ഇന്ദു വിനോദ് (സൗമ്യ രാജ്) ചെയർപേഴ്‌സണാകും. സി.പി.എം ആലപ്പുഴ നോർത്ത്, സൗത്ത് ഏരിയാ കമ്മിറ്റികളുടെ നിർദേശം ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഇന്ന് രാവിലെ നടക്കുന്ന എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
2015ൽ ഇരവുകാട് വാർഡിൽ നിന്ന് ബി.ജെ.പിയിലെ സെൽമി അപർണ്ണയെ 324 വോട്ടിന് പരാജയപ്പെടുത്തിയാണ് ഇന്ദു ആദ്യ വിജയം നേടിയത്. ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിൽ 81 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ജനാധിപത്യ മഹിളാ അസോസിയേഷൻ ആലപ്പുഴ ഏരിയ കമ്മിറ്റി അംഗം, കർഷക സംഘം ഏരിയ കമ്മിറ്റി അംഗം, കുഞ്ചൻ സ്മാരക സമിതി എക്‌സിക്യുട്ടീവ് അംഗം, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ വനിതാസംഘം പ്രസിഡന്റ്, ഇരവുകാട് ടെമ്പിൾ ഒഫ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ, സ്‌നേഹദീപം വയോജന ട്രസ്റ്റിന്റെ രക്ഷാധികാരി, തളിർ ജൈവ കർഷക കൂട്ടായ്മ രക്ഷാധികാരി, ബാലസംഘം കുതിരപ്പന്തി മേഖലാ കൺവീനർ, ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്, എസ്.ബി.ഐയുടെ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ പരാതി പരിഹാര സമിതി എക്സ് ഒഫിഷ്യോ മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. അടൂർ പറക്കോട് ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. പത്തനംതിട്ട കത്തോലിക്കേറ്റ് കോളജിൽ നിന്ന് ബിഎ ലിറ്ററേച്ചർ, കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ഇംഗ്ളീഷ് ലിറ്ററേച്ചർ, കേരള ഹിന്ദി പ്രചാരസഭയുടെ ബിഎഡ് എന്നീ യോഗ്യതകളുണ്ട്.
ഇരവുകാട് വാർഡിൽ അഞ്ചിൽ എം.വിനോദിന്റെ (അസി.മാനേജർ, കെ.എസ്.എഫ്.ഇ ആലപ്പുഴ മെയിൻ ബ്രാഞ്ച്) ഭാര്യയാണ്. മക്കൾ എം.മാധവ് (വിദ്യാർത്ഥി), പരേതനായ എം.മിഥുൻ
........................
# നഗരസഭയിലെ കക്ഷിനില
 എൽ.ഡി.എഫ്-35 (സി.പി.എം-23, സി.പി.ഐ-9, കേരള കോൺഗ്രസ്(ജോസ്), എൻ.സി.പി, എൽ.ജെ.ഡി ഒന്ന് വീതം)
 യു.ഡി.എഫ്-11 (മുഴുവൻ സീറ്റും കോൺഗ്രസ്)
 ബി.ജെ.പി-3
 പി.ഡി.പി-1
 എസ്.ഡി.പി.ഐ-1
 സ്വതന്ത്രൻ-1