പൂച്ചാക്കൽ: പാണാവള്ളി പതിനഞ്ചാം വാർഡ് പൊയ്ക്കാട്ടു ഗിരിജൻ കോളനിയിൽ ഇന്നലെ അഞ്ചു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജനങ്ങൾ ആശങ്കയിലായി. കഴിഞ്ഞ മൂന്ന് ആഴ്ചയായി പതിനഞ്ച് പേർക്കാണ് രോഗം പിടിപെട്ടത്.
ആരോഗ്യ പ്രവർത്തകരും പൊലീസും നടപടികൾ സ്വീകരിച്ചിട്ടും രോഗം പകരുകയാണ്. 24 കുടുംബങ്ങളിലായി 117 പേരാണ് ഇവിടെയുള്ളത്. കിടപ്പു രോഗികൾ ഉൾപ്പെടെയുള്ള വൃദ്ധരും അഞ്ചു വയസിന് താഴെയുള്ള കുട്ടികളും ഏറെയുണ്ട്. ഗിരിജൻ കോളനിയോട് ചേർന്നുള്ള ലക്ഷംവീട് കോളനിയാണിത്. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന കോളനിയിലെ ജനങ്ങൾക്ക് ഭക്ഷ്യ സാധനങ്ങളും പ്രതിരോധ മരുന്നുകളും അടിയന്തിരമായി എത്തിക്കണമെന്ന് ഊരു മൂപ്പൻ സാബു ആവശ്യപ്പെട്ടു. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. അരുൺ മിത്ര അറിയിച്ചു.