ചേർത്തല: പട്ടികജാതി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റും ബി.ജെ.പി പ്രവർത്തകനുമായ കടക്കരപ്പള്ളി നാലാം വാർഡിൽ പോത്തനാഞ്ജലിക്കൽ സുഖരാജിന്റെ വീടുകയറി നടന്ന ആക്രമണത്തിൽ സുഖരാജിനും (45), ഭാര്യ ശ്രീജ (35) അമ്മ രാധാമണി (70) എന്നിവർക്കും പരിക്കേറ്റു. ഇവരെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു ആക്രമണം.

അക്രമത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് സുഖരാജ് പട്ടണക്കാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആർ.എസ്.എസ് പ്രവർത്തകരായ അജിത്ത്, അജയഘോഷ് എന്നിവരെ പ്രതികളാക്കി പട്ടണക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിനിടെ ബി.ജെ.പിയിൽ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നുകാട്ടി സുഖരാജിനെ പ്രവർത്തനങ്ങളിൽനിന്നും മാ​റ്റി നിറുത്തിയിരുന്നു. പാർട്ടിയിൽനിന്നും മാ​റ്റിയെന്നു പ്രചാരണം നടത്തുമ്പോഴും പോഷകസംഘടനാ ഭാരവാഹിത്വത്തിൽ തന്നെയുണ്ടെന്നും ദളിത് വിഭാഗത്തെ പാർട്ടിയിൽ നിന്നു പുറത്താക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണ് അക്രമമെന്നും സുഖരാജ് ആരോപിച്ചു. എന്നാൽ സുഖരാജിന്റെ വീട്ടിൽ കയറിയുള്ള അക്രമം വ്യക്തിപരമാണെന്നും ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നും ബി.ജെ.പി കടക്കരപ്പള്ളി മണ്ഡലം പ്രസിഡന്റ് എസ്.കണ്ണൻ പറഞ്ഞു.