ചേർത്തല :ജീവിതത്തിൽ നിരവധി ദുരിതക്കയങ്ങളും സ്വകാര്യ ദുഖങ്ങളും മറികടന്നാണ് ഷേർളി ഭാർഗവൻ ചേർത്തല നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തിയത്.എട്ടാം വാർഡിൽ നിന്ന് ഒരു തവണ പരാജയം നേരിട്ട് രണ്ടാംവട്ടം വിജയിച്ചാണ് സി.പി.എമ്മിന്റെ വനിതാ നേതാവായ ഷേർളി നഗരത്തിന്റെ അമരക്കാരിയാകുന്നത്.

1994ലും 2006ലും വലിയ രണ്ടു നഷ്ടങ്ങളുടെ കണ്ണുനീർ ഷേർളി ഭാർഗവൻ അതിജീവിച്ചത് ജനകീയ ഇടപെടലുകളിൽ.1994ൽ 14കാരി മകൾ സ്മിത കാൻസർ ബാധിതയായി മരിച്ചു.2006ൽ ഭർത്താവ് ഭാർഗവനും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെ ജീവിതത്തിൽ തനിച്ചായി. തന്റെ ദുഖങ്ങളും ദുരിതങ്ങളും അകറ്റിയത് പാർട്ടിയും ജനങ്ങളുമാണെന്ന് ഷേർളി പറയുന്നു.ഇപ്പോൾ സഹോദരൻ അമലിനും കുടുംബത്തിനുമൊപ്പമാണ് ജീവിതം.ഭർത്താവ് ഭാർഗവന് മുംബയിലായിരുന്നു ജോലി. 1976 മുതൽ 19 വർഷം മുംബയ് ഡോംബുബെല്ലിയിലായിരുന്നു.

മുംബയ് ആസ്ഥാനമായ കമ്പനിയുടെ സെക്രട്ടറിയായിരുന്നു ഭാർഗവൻ.ഇവിടെ വെച്ചാണ് മകളുടെ മരണം.ആ ദുഃഖം മറികടക്കാൻ കമ്പനി ഇരുവരെയും ദുബായിലേക്കു മാ​റ്റി.അവിടെ അഞ്ചുവർഷം.2000ൽ ചേർത്തലയിലേക്ക് ഇരുവരും മടങ്ങിവന്നു.രാഷ്ട്രീയ പശ്ചാത്തലമില്ലെങ്കിലും അന്ന് സി.പി.എം ഏരിയാ സെക്രട്ടറിയായിരുന്ന എ.എം.ആരിഫ് പാർട്ടിയോട് അടുപ്പിക്കുകയും എട്ടാം വാർഡിൽ മത്സരത്തിനിറക്കുകയുമായിരുന്നു.തീരുമാനം തെ​റ്റിയില്ല കൗൺസിലിലെത്തി ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായി.2005ൽ വീണ്ടും മത്സരിച്ചെങ്കിലും സ്വന്തം വാർഡിൽ പരാജയം മണത്തു.2006ൽ ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് ഭാർഗവനും മരിച്ചു.
തുടർന്ന് സ്വകാര്യ സങ്കടങ്ങളെ മറികടക്കാൻ സി.പി.എമ്മിന്റെ സജീവ പ്രവർത്തകയായി.2011ൽ വീണ്ടും മത്സരിച്ചു തോ​റ്റു.ഇക്കുറിഎട്ടാം വാർഡിലെത്തി വിജയം തിരിച്ചു പിടിക്കുകയായിരുന്നു.ഇപ്പോൾ പാർട്ടി ഏരിയാ കമ്മി​റ്റിയംഗം മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് സി.ഐ.ടി.യു ജില്ലാകമ്മി​റ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.