ആധുനിക ഉപകരണങ്ങളോടെ
ഹൈടെക്കായി
അഗ്നി ശമന സേന
ആലപ്പുഴ: കായലും കടലും അതിരിടുന്ന ജില്ലയിൽ അഗ്നിശമന സേനാ ഉപകരണങ്ങളുടെ അഭാവത്തിൽ മുടന്തിയിരുന്ന അഗ്നിശമന സേനയുടെ ആധുനിക വത്കരണ നടപടികൾ ലക്ഷ്യത്തിലേയ്ക്ക്.
ആഴത്തിൽ മുങ്ങിയുള്ള രക്ഷാപ്രവർത്തനമായിരുന്നു ഉപകരണങ്ങളുടെ അഭാവത്തിൽ തടസപ്പെട്ടത്. തുടർന്ന് അധിക ഫണ്ട് വകയിരുത്തി സേനയ്ക്ക് ആവശ്യമുള്ള അത്യാധുനിക ഉപകരണങ്ങളും വാഹനങ്ങളും നൽകിയും ഈ പോരായ്മയെ വേഗത്തിൽ മറികടക്കാൻ കഴിഞ്ഞു. ഇതോടെ രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത കൈവന്നു.
മികവുറ്റ പരിശീലനത്തിന് കേന്ദ്രം
വർഷത്തിൽ 100 ലധികം ജല ദുരന്തങ്ങളാണ് ഉണ്ടാകുന്നത്. ഇത് തടയാനും കൂടുതൽ കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്തുന്നതിനും സേനാംഗങ്ങളെ പ്രാപ്തമാക്കാൻ കഴിഞ്ഞവർഷം കൊച്ചിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ് ട്രെയിനിംഗ് വാട്ടർ റസ്‌ക്യു എന്ന ഏകീകൃത പരിശീലന കേന്ദ്രം സ്ഥാപിച്ചതും സേനയുടെ നേട്ടമായി. ജില്ലയിൽ നിന്ന് ആദ്യഘട്ടത്തിൽ അഞ്ചിലധികം ആളുകൾ ട്രെയിനിംഗ് പൂർത്തീകരിച്ചു. ഏറ്റവും കൂടുതൽ അപകടസാദ്ധ്യതയുള്ള സ്‌കൂബപരിശീലനമാണ് ഇതിൽ മുഖ്യം. പല അത്യാധുനിക ഉകരണങ്ങളും ജില്ലയിലെ സേനയ്ക്ക് ലഭ്യമാക്കിയതും ഈ വർഷമായിരുന്നു. 2018ലെ പ്രളയത്തെത്തുടർന്നാണ് ആധുനിക ഉപകരണങ്ങൾ കൂടുതലായും സേനയ്ക്ക് ലഭിച്ചത്. വിദേശ നിർമ്മിത സ്‌കൂബ (സെൽഫ് കണ്ടെൻഡ് അണ്ടർ വാട്ടർ ബ്രീത്തിംഗ് അപ്പാരറ്റസ്) , പുക നിറഞ്ഞതും വിഷമയമായതുമായ മുറികളിലും മറ്റും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ബിഎ സെറ്റും സ്‌കൂബാ സെറ്റിലും ബിഎ സെറ്റിലും ഉപയോഗിക്കുന്ന എയർ സിലിണ്ടർ, ഉപയോഗശേഷം വീണ്ടും നിറയ്ക്കാനായി ഉപയോഗിക്കുന്ന അത്യാധുനിക പുതിയ കംപ്രസർ എന്നിവ ഇവയിൽപ്പെടുന്നു. കാറ്റുനിറച്ച് ചെറുബോട്ടാക്കി ഉപയോഗിക്കാവുന്ന ഫയർ ഡിങ്കി, ഡിങ്കി കൊണ്ടുപോകാൻ പ്രത്യേക സജ്ജീകരണങ്ങളോടെ നിർമിച്ച സ്‌കൂബാ വാൻ എന്നിവയും ലഭിച്ചു. വാതകച്ചോർച്ച, ഇലക്ട്രിക് ഫയർ എന്നിവ ഉണ്ടാകുമ്പോൾ വേഗത്തിലെത്തി രക്ഷാപ്രവർത്തനം നടത്താൻ ഉതകുന്ന മിനി വാട്ടർ മിസ്റ്റ് ജില്ലയിലെ എല്ലാ അഗ്നിസുരക്ഷ യൂണിറ്റുകളിലും ഈ വർഷമാണ് ലഭിച്ചത്. 12,000 ലിറ്റർ ജലസംഭരണ ശേഷിയുള്ള അത്യാധുനിക വാട്ടർ ബ്രൗസറും 4500 ലിറ്റർ ജലവും 1000 ലിറ്റർ ഫോമും സംഭരണ ശേഷിയുള്ള പുതിയ ഫോം ടെൻഡറും പുതിയതായി ലഭിച്ചു.
# പുതുമയിൽ
ഡൈവിംഗ് സ്യൂട്ടണിഞ്ഞ് ചാടുന്ന അഗ്നിസുരക്ഷാസേനാംഗം വെള്ളത്തിനടിയിൽ ഏത് ദിശയിൽ എത്ര ആഴത്തിലാണ് സഞ്ചരിക്കുന്നതെന്ന് അറിയാൻ പുതിയ സംവിധാനം ഉപകരിക്കും. പുറത്തുതൂക്കിയ എയർ സിലിണ്ടറിൽ അവശേഷിക്കുന്ന വായു എത്രയാണെന്നും കൃത്യമായി കണക്കാക്കാനും കഴിയും. ഇതിന് പുറമേ ജില്ലയ്ക്ക് സ്‌കൂബാ വാൻ, കംപ്രസർ, ബിഎ സെറ്റ്, മിനി വാട്ടർ മിസ്റ്റ്, എം.യു.വി, ഫോം ടെൻഡർ, വാട്ടർ ബ്രൗസർ, പി .പി. ഇ കിറ്റുകൾ, അക്വാട്ടിക് ജാക്കറ്റ്, ഫയർ റെസ്‌ക്യു സ്യുട്ട്, ബ്രീത്തിംഗ് അപ്പാരന്റ് സെറ്റ് എന്നിവ സേനയിൽ എത്തിക്കഴിഞ്ഞു. ജില്ലയിൽ ആലപ്പുഴ യൂണിറ്റിലേക്ക് മാത്രമേ സ്കൂബാ വാൻ ലഭ്യമായിട്ടുള്ളൂ.
............
" കൂടുതൽ ആധുനിക ഉപകരണങ്ങൾ സേനയ്ക്ക് ലഭ്യമായത് ഗുണം ചെയ്യുന്നുണ്ട്. മുമ്പ് കൂടുതൽ ആഴത്തിൽ മുങ്ങി തപ്പാൻ കഴിയില്ലായിരുന്നു. പുതിയ സ്കൂബയും ട്രെയ്നിംഗും കൂടുതൽ പ്രയോജനം ചെയ്യുന്നു. വിദേശ നിർമ്മിത ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടായാൽ ഉപയോഗശൂന്യമായിരുന്നു. നിലവിൽ ആ പ്രശ്നത്തിന് പരിഹാരമായി.കമ്പനികൾ സർവീസ് ചെയ്ത് നൽകുന്നുണ്ട്.
(അഗ്നിശമന അധികൃതർ ആലപ്പുഴ)
100
വർഷത്തിൽ 100 ലധികം ജല ദുരന്തങ്ങളാണ് ഉണ്ടാകുന്നത്
............
പുതിയ ഉപകരണങ്ങൾ
വിദേശ നിർമ്മിത സ്‌കൂബ
എയർ സിലിണ്ടറും പുതിയ കംപ്രസറും
ഫയർ ഡിങ്കിയും സ്‌കൂബാ വാനും
ഇലക്ട്രിക് ഫയർ കെടുത്താനുള്ള മിനി വാട്ടർ മിസ്റ്റ്