s

മുന്നൊരുക്കങ്ങൾ തകൃതി

ആലപ്പുഴ: കൊവിഡിൽ കുടുങ്ങിയ അദ്ധ്യയനം പുനരാരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അവസാനവട്ട തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതർ. പത്ത് മാസത്തോളമായി അടഞ്ഞുകിടന്ന ക്ലാസ് മുറികളും പുല്ലു പിടിച്ച മുറ്റങ്ങളും വൃത്തിയാക്കി തുടങ്ങി. പല സ്കൂളുകളിലും മാനേജ്മെന്റും പി.ടി.എയും സഹകരിച്ചും തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയുമാണ് ശുചീകരണം നടക്കുന്നത്. ജനുവരി ഒന്നിന് സ്കൂൾ തുറക്കാനാണ് നിലവിലെ തീരുമാനം.

സ്കൂൾ ഫണ്ട് ഉപയോഗിച്ചാണ് നിലവിൽ ശുചീകരണ സാമഗ്രികൾ വാങ്ങുന്നത്. രക്ഷാകർത്താക്കളെ വിളിച്ചു വരുത്തി സ്കൂൾ മേലധികാരികൾ നിർദ്ദേശം നൽകുന്നുണ്ട്. അദ്ധ്യയനം ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ പരമാവധി 50 ശതമാനം കുട്ടികളെ മാത്രമേ ക്ലാസിലിരുത്തുകയുള്ളൂ. പ്രത്യേക ലിസ്റ്റ് തയ്യാറാക്കിയാവും കുട്ടികളെ ക്ഷണിക്കുക. ആദ്യ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിലാവും ക്രമീകരണം. സംശയ നിവാരണത്തിനും ഡിജിറ്റൽ ക്ലാസുകളുടെ തുടർപ്രവർത്തനത്തിനും മാതൃകാ പരീക്ഷകൾക്കുമായി രക്ഷാകർത്താക്കളുടെ സമ്മതത്തോടെയാണ് കുട്ടികൾ സ്കൂളിലേക്ക് വീണ്ടും എത്തിത്തുടങ്ങുക. എന്തെങ്കിലും കാരണത്താൽ ക്ലാസിൽ എത്തിച്ചേരാൻ സാധിക്കാത്തവർക്ക് ഗൂഗിൾ മീറ്റ്, ഗൂഗിൾ ക്ലാസ് റൂം, വാട്സാപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസുകൾ നൽകും.

ക്ലാസ് 3 മണിക്കൂർ

കുട്ടികളെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ വിളിച്ചു വരുത്തി രണ്ട് ഘട്ടമായാണ് ക്ലാസെടുക്കുക. ആദ്യ ഘട്ടം രാവിലെ 9 അല്ലെങ്കിൽ 10ന് ആരംഭിച്ച് ഉച്ചയ്ക്ക് 12- 1 മണിക്ക് അവസാനിക്കും. രണ്ടാം ഘട്ടം ഒന്ന് അല്ലെങ്കിൽ രണ്ടിന് ആരംഭിച്ച് വൈകിട്ട് നാലിനോ അഞ്ചിനോ അവസാനിപ്പിക്കും. ആകെയുള്ള കുട്ടികൾ, ലഭ്യമായ ക്ലാസ് മുറികൾ, എന്നിവ കണക്കിലെടുത്താവും കുട്ടികളുടെ എണ്ണം നിജപ്പെടുത്തുക.

സമ്മതിക്കണം!

രക്ഷാകർത്താവ് ഒപ്പിട്ട സമ്മതപത്രം ഹാജരാക്കുന്നവർക്ക് മാത്രമേ സ്കൂളിൽ പ്രവേശനം നൽകൂ. ഒരോ കുട്ടിയും ഹാജരാക്കേണ്ട സാക്ഷ്യപത്രത്തിന്റെ പകർപ്പ് അതത് സ്കൂളുകളിൽ നിന്ന് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്

സമ്മതപത്രം

കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് എന്റെ കുട്ടിയെ വിദ്യാലയത്തിലേക്കയയ്ക്കാൻ ഞാൻ തയ്യാറാണെന്നും, വിദ്യാലയത്തിൽ നിന്നു ലഭിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊള്ളാമെന്നും ഇതിനാൽ സമ്മതിച്ചു കൊള്ളുന്നു. ഞാനോ കുടുംബാംഗങ്ങളോ കൊവിഡ് ബാധിതരല്ലെന്നും ക്വാറന്റൈനിലല്ല എന്നും കുട്ടിയുടെ വീടുൾപ്പെടുന്ന പ്രദേശം കണ്ടൈൻമെന്റ് സോണല്ല എന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു...

കൊവിഡ് സെൽ രൂപീകരിക്കും

എല്ലാ സ്കൂളുകളിലും കൊവിഡ് സെൽ രൂപീകരിച്ച് ആഴ്ചയിലൊരിക്കൽ യോഗം നടത്തും. കൊവിഡ് നിർദേശങ്ങൾ പാലിക്കുന്നതിനായി സ്കൂൾ തലത്തിൽ പ്ലാൻ തയ്യാറാക്കുക, കുട്ടികളുടെ എണ്ണം, അദ്ധ്യാപകരുടെ ലഭ്യത, സ്ഥല ലഭ്യത, ഗതാഗത സൗകര്യങ്ങൾ, ഡൈനിംഗ് സൗകര്യം, സുരക്ഷ തുടങ്ങിയവ വിലയിരുത്തേണ്ട ചുമതല കൊവിഡ് സെല്ലിനാണ്. പഠനോപകരണങ്ങളും ഭക്ഷണ സാധനങ്ങളുമടക്കം പങ്കുവയ്ക്കരുതെന്നും യാത്രയിലും, ക്ലാസിലും പരമാവധി സാമൂഹിക അകലം പാലിക്കണമെന്നും കുട്ടികൾക്ക് നിർദേശം നൽകുന്നുണ്ട്

കൊവിഡ് സെൽ അംഗങ്ങൾ

പ്രിൻസിപ്പൽ / ഹെഡ്മാസ്റ്റർ (ചെയർമാൻ), വാർ‌ഡ് ജനപ്രതിനിധി, സ്കൂൾ ‌ഡോക്ടർ/ നഴ്സ് (ഉണ്ടെങ്കിൽ),

ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് (ഉണ്ടെങ്കിൽ), പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ,

സ്കൂൾ കൗൺസിലർ (ഉണ്ടെങ്കിൽ), പി.ടി.എ പ്രസിഡന്റ്,

ഓരോ വിഭാഗത്തിൽ നിന്നും ഓരോ അദ്ധ്യാപക പ്രതിനിധി,

കുട്ടികളുടെ പ്രതിനിധി, ഓഫീസ് സൂപ്രണ്ട് / ഹെഡ് ക്ലാർക്ക്,

സെക്യൂരിറ്റി ഓഫീസർ

ഫിറ്റ്നസ് പിന്നീട്

അദ്ധ്യയനം ആരംഭിക്കാൻ വൈകിയതോടെ ഈ വർഷത്തെ സ്കൂൾ കെട്ടിട ഫിറ്റ്നെസ് പരിശോധനയും വൈകി. ഏതാനും സ്കൂളുകളിൽ മാത്രമാണ് പരിശോധനകൾ പൂർത്തിയായത്. മറ്റിടങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന പൂർത്തീകരിക്കുമെന്ന് അധികൃതർ പറയുന്നു.