ph
പി.ശശികല

കായംകുളം: കായംകുളം നഗരസഭ ചെയർപേഴ്സണായി സി.പി.എമ്മി​ലെ പി.ശശികലയും വൈസ് ചെയർമാനായി സി.പി.ഐയി​ലെ ജെ.ആദർശും തിരഞ്ഞെടുക്കപ്പെട്ടു. 44 അംഗ കൗൺസിലിൽ ഇരുവർക്കും 23 വോട്ട് വീതം ലഭിച്ചു.

എൽ.ഡി.എഫിലെ 22 വോട്ടുകൾക്കൊപ്പം കോൺഗ്രസ് വിമതരായി മത്സരിച്ച് ജയിച്ച രണ്ട് സ്വതന്ത്രരിൽ ഒരാളായ 35ാം വാർഡിലെ പി.സി റോയിയുടെ വോട്ടും ഇരുവർക്കും ലഭിച്ചു. ഇതോടെ കേവല ഭൂരിപക്ഷമായി. അഞ്ചാം വാർഡിൽ നിന്നും വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി അൻഷാദ് വാഹിദ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

ശശികലയ്ക്ക് എതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ലേഖ സോമരാജന് 17 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി ലേഖ മുരളീധരന് 3 വോട്ടും ലഭിച്ചു. ആദർശിനെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി നവാസ് മുണ്ടകത്തിലിന് 16 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി ഡി.അശ്വനീദേവിന് 3 വോട്ടും ലഭിച്ചു. ക്വാറന്റീനിലായിരുന്ന കോൺഗ്രസ് അംഗം അൻസാരി കോയിക്കലേത്ത് രാവിലെ പി.പി കിറ്റ് ധരിച്ച് എത്തി വോട്ട് ചെയ്തെങ്കിലും ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

22- ാം വാർഡിൽ നിന്നും 43 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശശികല തിരഞ്ഞെെടുക്കപ്പെട്ടത്. യു.ഡി.എഫിലെ അനിത മുട്ടാണിക്കലിനെയാണ് പരാജയപ്പെടുത്തിയത്. തുടർച്ചയായി രണ്ടാം തവണ നഗരസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ശശികല സി.പി.എം കായംകുളം ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷന്റെ ഭാര്യയാണ്.

ബി.കോം ബിരുദ ധാരിയായ ഇവർ കായംകുളം എം.എസ്.എം കോളേജ്, നങ്ങ്യാർകുളങ്ങര ടി.കെ.എം കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്.എഫ്.ഐയുടെ ഭാഗമായി. എസ്.എഫ്.ഐ ജില്ലാ കമ്മി​റ്റി അംഗം, ഡി.വൈ.എഫ്.ഐ ഏരിയാ കമ്മി​റ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ഗ്രന്ഥശാലാ സംഘം ജില്ലാ കൗൺസിൽ അംഗം, അംഗനവാടി വർക്കേഴ്സ് യൂണിയൻ ഏരിയാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

31 ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദർശ് രണ്ടാം തവണയാണ് കൗൺസിലറാകുന്നത്. നേരത്തെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മി​റ്റി ചെയർമാനായിരുന്നു. സി.പി.ഐ ടൗൺ സൗത്ത് എൽ.സി സെക്രട്ടറിയാണ്. ഇരുവരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.