s
ഷഡാമണി തോട്

ഒഴുക്കു നിലച്ച തോട്ടിൽ മാലിന്യ കൂമ്പാരം

ആലപ്പുഴ: തോടുകളുടെ നഗരമായ ആലപ്പുഴയി​ലെ തോടുകളുടെ അവസ്ഥയാണ് വി​ഷയം. നഗരഹൃദയത്തിലുള്ള ഷഡാമണി തോടും ഉപതോടുകളും മാലിന്യകേന്ദ്രങ്ങളായെന്നുതന്നെ പറയാം.

ഇരുമ്പ് പാലത്തിന്റെ തെക്ക് വശമുള്ള ഷഡമണി​ത്തോട്ടി​ൽ ഒഴുക്ക് നി​ലച്ചി​രി​ക്കുകയാണ്. തോട്ടിൽ അടിഞ്ഞ് കിടക്കുന്ന മാലിന്യങ്ങൾ ചീഞ്ഞളിയുകയാണ്.

തോടിന്റെ സമീപത്ത് വ്യാപാര സ്ഥാപനങ്ങളും വീടുകളുമുണ്ട്. മഴയിൽ തോട് കരകവിഞ്ഞാൽ സമീപമുള്ളവയെല്ലാം വെള്ളക്കെട്ടിലാകും. നഗരസഭ അധികൃതരെ വിവരം ധരിപ്പിച്ചിട്ടും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

എന്നാൽ കിഫ്ബി പദ്ധതിയിൽ ടൗൺഹാളിന്റെ സമീപം മുതൽ സ്റ്റേഡിയം വാർഡ് വരെ ഷഡാമണി തോട് നവീകരണം ഇറിഗേഷൻ ഏറ്റെടുത്തിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കാലമായതിനാലാണ് നടപടികൾ താമസിച്ചതെന്നും അധി​കൃതർ പറയുന്നു. തോട് നവീകരണം ഉടൻ ആരംഭിക്കും.

ഷഡാമണി തോട്ടിൽ മാലിന്യങ്ങൾ തിങ്ങി ഒഴുക്കില്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു. കൈയേറ്റത്തിൽ നിന്നു തോടുകളെ സംരക്ഷിക്കുന്നതിനായി സംരക്ഷണഭിത്തി കെട്ടൽ അടക്കമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മാലിന്യനിക്ഷേപത്തിൽ നിന്നു തോടുകളെ സംരക്ഷിക്കാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തതാണ് നിലവിലെ ശോചനീയാവസ്ഥയ്ക്ക് കാരണം. ഇരുമ്പ് പാലത്തിന് സമീപമുള്ള ഷഡാമണിതോട്ടിൽ കലുങ്ക് ഇടിഞ്ഞ് കിടക്കുകയാണ്. ഇതാണ് വെള്ളം ഒഴുകാനുള്ള പ്രധാന തടസം.

.....................................

# 25 ലക്ഷം രൂപയുടെ നവീകരണം

മഠത്തിൽ പറമ്പ് കലുങ്ക് മുതൽ ടൗൺഹാൾ വരെ നഗരസഭയുടെ അമൃത് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. ഇവിടെ കലുങ്ക് കെട്ടി തോട് നവീകരിച്ചിട്ടുണ്ട്. ഇതിന് 25 ലക്ഷം രൂപയുടെ ഫണ്ടാണ് അനുവദിച്ചത്. എന്നാൽ ഇരുമ്പ് പാലത്തിന്റെ സമീപമുള്ള തോട് ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല.

..........

# രാത്രിയുടെ മറവിൽ മാലി​ന്യനി​ക്ഷേപം

കൊവിഡ് ഇളവിൽ രാത്രിയിലാണ് മാലിന്യങ്ങൾ തള്ളുന്നത്. വ്യാപാര സ്ഥാപനങ്ങൾ നേരത്തെ അടച്ച് പോകുന്നതും നഗരത്തിലെ തിരക്ക് കുറവും ആളുകൾ മുതലാക്കുന്നുണ്ട്. റോഡരികിൽ മാലിന്യകൂമ്പാരം കുറയുന്നുണ്ടെങ്കിലും തോടുകളിൽ വലിച്ചെറിയുന്ന സ്വഭാവത്തിൽ ആളുകൾക്ക് മാറ്റം വന്നിട്ടില്ല.തോട് മാലിന്യസംഭരണ കേന്ദ്രമായതോടെ ഇപ്പോൾ ഒരു മറയുമില്ലാതെയാണ് കിറ്റുകളിലും ചാക്കുകളിലുമാക്കി മാലിന്യം തള്ളുന്നത്. പലതവണ പരാതി നൽകുമ്പോൾ വല്ലപ്പോഴുമൊരിക്കൽ പേരിനുവേണ്ടി മാത്രമാണ്നഗരസഭ മാലിന്യം വാരൽ നടത്തുന്നത്.

ഗാർഹിക മാലിന്യങ്ങൾക്കൊപ്പം രാത്രിയുടെ മറവിൽ തള്ളുന്ന അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂടിയായതോടെ നഗരത്തിലെ പ്രധാന തോടുകളിൽ ഒഴുക്കു നിലച്ച അവസ്ഥയാണ്. രൂക്ഷ ഗന്ധവും കൊതുകുശല്യവും അസഹനീയമാണ്.

............................

ഷഡാമണി തോടിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കും. ഇറിഗേഷൻ വകുപ്പ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി

തോടുകളുടെ നവീകരണം ആരംഭിച്ചിട്ടുണ്ട്. കലുങ്ക് ഉയർത്തി കെട്ടി തോടിന്റെ നീരൊഴുക്ക് സുഗമമാക്കും. തിരഞ്ഞെടുപ്പായതുകൊണ്ടാണ് നടപടികൾ താമസിച്ചത്.

(എ.എസ്.കവിത, മുനിസിപ്പൽ ഓഫീസ് വാർഡ് കൗൺസിലർ)