s

ആലപ്പുഴയിൽ പ്രതിഷേധിച്ചവരോട് സി.പി.എം വിശദീകരണം തേടി

ആലപ്പുഴ:ജില്ലയിൽ മൂന്ന് വീതം നഗരസഭകളിൽ യു.ഡി.എഫും എൽ.ഡി.എഫും അദ്ധ്യക്ഷസ്ഥാനത്ത് ഇന്നലെ ചുമതലയേറ്റു. ഹരിപ്പാട‌്,മാവേലിക്കര,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ യു.ഡി.എഫിനും ആലപ്പുഴ,ചേർത്തല,കായംകുളം എന്നിവിടങ്ങളിൽ എൽ.ഡി.എഫിനുമാണ് അദ്ധ്യക്ഷസ്ഥാനം. നാല് നഗരസഭകളിൽ വനിതകളാണ് ചെയർപേഴ്സൺ സ്ഥാനത്ത്. തീർത്തും അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിലയിടങ്ങളിൽ അരങ്ങേറിയത്.

ആലപ്പുഴ നഗരസഭാ ചെയർപേഴ്സണെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ ഉണ്ടായ പൊട്ടിത്തെറിയാണ് എല്ലാവരെയും അമ്പരിപ്പിച്ചത്. മാവേലിക്കരയിൽ യു.ഡി.എഫ് പിന്തുണയോടെ സി.പി.എം വിമതൻ ചെയർമാനായതും മറ്റൊരു കൗതുകം.

പരസ്യമായി പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ ആലപ്പുഴ നഗരത്തിൽ പ്രകടനം നടത്തി. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരോടും 16 ബ്രാഞ്ച് കമ്മിറ്രി അംഗങ്ങളോടും ജില്ലാ നേതൃത്വം വിശദീകരണം ചോദിച്ചു.തിരഞ്ഞെടുപ്പു പ്രചാരണ സമയത്തു തന്നെ, ഇരവകാട് വാർഡിൽ മത്സരിച്ച ഇന്ദുവിനോദ് (സൗമ്യരാജ്) ചെയർപേഴ്സണാകുമെന്നാണ് പ്രചരിച്ചിരുന്നത്. പാർട്ടി നേതൃത്വം ഇത് നിഷേധിച്ചിരുന്നുമില്ല. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കെ.കെ.ജയമ്മയെ ചെയർപേഴ്സണാക്കണമെന്ന ആവശ്യം ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നു കേട്ടിരുന്നു.നെഹ്രു ട്രോഫി വാർഡിൽ നിന്ന് നാലാം തവണ ജയിച്ച ജയമ്മ പാർട്ടിയിലെ മുതിർന്ന നേതാവുമാണ്. എന്നാൽ പാർട്ടിയിൽ ഇത്തരത്തിലൊരു ചർച്ച നേരത്തെ ഉയർന്നിരുന്നുമില്ല.

ഇന്നലെ രാവിലെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ്, പൊടുന്നനെ പ്രതിഷേധം അണപൊട്ടിയത്. ആലുക്കാസ് ജംഗ്ഷന് സമീപത്തു നിന്നും ജയമ്മയുടെ വാർഡിൽ നിന്നുള്ള നൂറോളം പ്രവർത്തകരാണ് ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൊടികളുമേന്തി നഗരം ചുറ്റി പ്രതിഷേധ പ്രകടനം നടത്തിയത്. ആലപ്പുഴ നഗരസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി.ചിത്തരഞ്ജനെതിരെയാണ് പ്രധാനമായും മുദ്രാവാക്യം മുഴക്കിയത്.

ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഇന്ദുവിനോദ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ആലപ്പുഴ നഗരസഭയിലെ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ ഇന്ദു വിനോദിന്റെ വോട്ട് അസാധുവായതും മറ്റൊരു തിരിച്ചടിയായി.സി.പി.ഐയിലെ പി.എസ്.എം.ഹുസൈനായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി. ആദ്യം കോൺഗ്രസിലെ റീഗോ രാജുവിന് വോട്ട് ചെയ്തിട്ട് അത് വെട്ടിയാണ് ഹുസൈന് ചെയർപേഴ്സൺ വോട്ടു ചെയ്തത്. അതോടെ വോട്ട് അസാധുവായി.

മാവേലിക്കരയിൽ സി.പി.എം വിമതന്റെ പിന്തുണയിൽ യു.ഡി.എഫ്

മൂന്ന് മുന്നണികളും ഒമ്പതു സീറ്ര് വീതം നേടി ഒപ്പത്തിനൊപ്പം നിന്ന മാവേലിക്കര നഗരസഭയിൽ സി.പി.എം വിമതൻ കെ.വി.ശ്രീകുമാർ ചെയർമാനായി. യു.ഡി.എഫ് ശ്രീകുമാറിനെ പിന്തുണച്ചപ്പോൾ, എൽ.ഡി.എഫിന് നഷ്ടമായത് ഭരണതുടർച്ച. എൽ.ഡി.എഫിന് 21 അംഗങ്ങളുള്ള ചേർത്തല നഗരസഭയിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച ഷെർളി ഭാർഗ്ഗവന് ലഭിച്ചത് 22 വോട്ടുകൾ.സി.പി.എം വിമതനായി മത്സരിച്ച പി.എസ്.ശ്രീകുമാർ, എൽ.ഡി.എഫിനെ പിന്തുണച്ചതാണ് കാരണം.

കായംകുളം നഗരസഭയിലെ എൽ.ഡി.എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി ടി.ശശികലയ്ക്കും കിട്ടി ഒരു വോട്ട് കൂടുതൽ.ജയിച്ച രണ്ട് സ്വതന്ത്രന്മാരിൽ ഒരാൾ പിന്തുണച്ചതാണ് കാരണം.