വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സന്റെ വോട്ട് അസാധുവായി

ആലപ്പുഴ: ആലപ്പുഴ നഗരസഭാ അദ്ധ്യക്ഷയായി സി.പി.എം പ്രതിനിധിയും ഇരവുകാട് വാർഡ് കൗൺസിലറുമായ ഇന്ദു വിനോദും വൈസ് ചെയർമാനായി സി.പി.ഐ പ്രതിനിധിയും ആലിശ്ശേരി വാർഡ് കൗൺസിലറുമായ പി.എസ്.എം ഹുസൈനും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 11 ന് നടന്ന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലും, ഉച്ചയ്ക്ക് രണ്ടു മണിക്ക് നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിലും സബ് കളക്ടർ എസ്.ഇലക്യ വരണാധികാരിയായിരുന്നു. സ്വതന്ത്രനും എസ്.ഡി.പി.ഐ പ്രതിനിധിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ, പി.ഡി.പി അംഗത്തിന്റെ വോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചു. ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി ഇന്ദു വിനോദിന്റെ പേര് കെ.കെ.ജയമ്മയാണ് നി‌ർദ്ദേശിച്ചത്. പി.എസ്.എം ഹുസൈൻ പിന്താങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥി സുമാ സ്കന്ദന്റെ പേര് ഇല്ലിക്കൽ കുഞ്ഞുമോൻ നിർദ്ദേശിച്ചു. അഡ്വ റീഗോ രാജു പിന്താങ്ങി. മൂന്ന് അംഗങ്ങൾ മാത്രമുള്ള ബി.ജെ.പിയിൽ നിന്ന് സുമ വിനീഷിന്റെ പേര് ഹരികൃഷ്ണൻ നിർദേശിച്ചു. മനു ഉപേന്ദ്രൻ പിന്താങ്ങി. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിലാണ് നഗരസഭാദ്ധ്യക്ഷ ഇന്ദു വിനോദിന്റെ വോട്ട് ആസാധുവായത്. ആദ്യം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പേരിന് നേർക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം വെട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. അതോടെ ബാലറ്റ് പേപ്പർ അസാധുവായി. എൽ.ഡി.എഫ് പ്രതിനിധി പി.എസ്.എം ഹുസൈൻ, യു.ഡി.എഫ് പ്രതിനിധി അഡ്വ റീഗോ രാജു, ബി.ജെ.പി പ്രതിനിധി മനു ഉപേന്ദ്രൻ എന്നിവർ തമ്മിലായിരുന്നു മത്സരം. സത്യപ്രതിജ്ഞയ്ക്ക് ശേഷം പുതിയ ഭാരവാഹികൾ തുറന്ന ജീപ്പിൽ നഗരം ചുറ്റി പ്രകടനം നടത്തി.

വോട്ട് നില

ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്

എൽ.ഡി.എഫ് - 36

യു.ഡി.എഫ് - 11

എൻ.ഡി.എ - 3

വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ്

എൽ.ഡി.എഫ് - 35

യു.ഡി.എഫ് - 11

എൻ.ഡി.എ - 3

അസാധു - 1