
ആലപ്പുഴ: ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനത്തിനെതിരെ സി.പി.എം പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം നേതൃത്വത്തെ ഞെട്ടിച്ചു. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ മണിക്കൂറുകൾക്കകം പാർട്ടി പുറത്താക്കി. പ്രകടനത്തിന് നേതൃത്വം നൽകിയ 16 ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടിയുണ്ടാവുമെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കി. പി.പ്രദീപ്, സുകേഷ്, പി.പി.മനോജ് എന്നിവരെയാണ് ജില്ലാ നേതൃത്വം അടിയന്തര യോഗം ചേർന്ന് പുറത്താക്കിയത്.
നാലാം തവണയും നെഹ്റു ട്രോഫി വാർഡിൽ ജയിച്ച കെ.കെ.ജയമ്മയെ ചെയർപേഴ്സണാക്കാത്തതിൽ പ്രതിഷേധിച്ചാണ് വാർഡിൽ നിന്നുള്ള നൂറോളം പ്രവർത്തകർ ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തിയത്. ആലുക്കാസ് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ പ്രകടനം നഗരം ചുറ്റിയാണ് അവസാനിച്ചത്. ഇരവുകാട് വാർഡിൽ നിന്ന് രണ്ടാമതും ജയിച്ച സൗമ്യാരാജിനെയാണ് (ഇന്ദു വിനോദ്) ചെയർപേഴ്സണായി പാർട്ടി നേതൃത്വം നിശ്ചയിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ആലപ്പുഴ ഏരിയാ കമ്മിറ്റി അംഗം, കർഷകസംഘം ഏരിയാ കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിക്കുകയാണ് സൗമ്യരാജ്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗവുമാണ് ജയമ്മ. പാർട്ടി ഏരിയാ കമ്മിറ്റിയിൽ ജയമ്മയ്ക്ക് അനുകൂലമായ നിലപാടാണ് ഭൂരിപക്ഷം അംഗങ്ങളും സ്വീകരിച്ചതെന്നും അത് മറികടന്നാണ് സൗമ്യയെ ചെയർപേഴ്സണാക്കിയതെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
എന്നാൽ നഗരസഭ അദ്ധ്യക്ഷന്മാരെ നിശ്ചയിക്കുന്നത് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റാണെന്നും, തീരുമാനം ഏരിയാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയാണ് സാധാരണ നടപടിയെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കി. പാർട്ടി തീരുമാനത്തിനെതിരെ പ്രതിഷേധം നടത്തി പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്ന് ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. ഏകകണ്ഠമായി എടുത്ത തീരുമാനമാണ് നടപ്പാക്കിയത്. അതിനെതിരെ രംഗത്തുവരുന്നത് ഗൗരവമായി കാണുമെന്നും നാസർ വ്യക്തമാക്കി.
പോകേണ്ടവർക്ക്
പുറത്ത് പോകാം
പാർട്ടി തീരുമാനത്തിനെതിരെ പ്രതിഷേധിക്കാൻ പ്രവർത്തകർ ഇറങ്ങിയെങ്കിൽ അവർ പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹിക്കുന്നവരാവും. അവർക്ക് പുറത്തു പോകാം. വിദ്യാസമ്പന്നയായ മികച്ച വ്യക്തിയെയാണ് പാർട്ടി മൊത്തത്തിൽ തീരുമാനിച്ച് ചെയർപേഴ്സണായി നിശ്ചയിച്ചത്.
-മന്ത്രി ജി.സുധാകരൻ