
പൂച്ചാക്കൽ: പള്ളിപ്പുറം 16-ാം വാർഡ് പല്ലുവേലി ഹരിജൻ റസിഡൻസി കോളനിയിലെ അനശ്വരാലയത്തിൽ സിനിക്ക് പുതിയ വീടു പണിയാൻ വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റും പള്ളിപ്പുറം ചിറ്റേഴത്ത് ആർദ്രം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും കൈകോർക്കുന്നു.
വിദ്യാർത്ഥികളായ മൂന്നു പെൺകുട്ടികളുമായി സിനി കുടിലിൽ കഴിയാൻ തുടങ്ങിയിട്ട് പതിനേഴ് വർഷം കഴിഞ്ഞു. സർക്കാരിന്റെ ഭവന പദ്ധതിക്കായുള്ള ശ്രമങ്ങളെല്ലാം പാഴാവുകയായിരുന്നു. താമസിക്കുന്ന ഭൂമിയുടെ രേഖകൾ സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങളാണ് കാരണമായത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജീവകാരുണ്യ പ്രവർത്തകനായ ഒ.സി. വക്കച്ചൻ സിനിയുടെ കുടിലിന്റെ അവസ്ഥ നേരിട്ട് കണ്ടത്. മത്സരത്തിൽ പിന്തുണച്ച വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റിന്റെ പ്രവർത്തകരുമായി ചേർന്ന് സിനിക്ക് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. വീടു പണിയിൽ, നിർമ്മാണ സാമഗ്രികൾ സ്വീകരിച്ച് ജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കുമെന്ന് വക്കച്ചൻ പറഞ്ഞു.