 
മാവേലിക്കര: മൂന്ന് മുന്നണികളും ഒമ്പത് സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പം നിന്ന മാവേലിക്കര നഗരസഭയിൽ സ്വതന്ത്രന്റെ പിൻതുണയോടെ യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു. എൽ.ഡി.എഫ് വിമതനായി മത്സരിച്ച് വിജയിച്ച സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി കെ.വി.ശ്രീകുമാറിന് ചെയർമാൻ സ്ഥാനം നൽകിയാണ് യു.ഡി.എഫ് കഴിഞ്ഞതവണ ആദ്യമായി കൈവിട്ട നഗരസഭ ഭരണം തിരിച്ചുപിടിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി ലളിതാ രവീന്ദ്രനാഥിനെ വൈസ് ചെയർപേഴ്സനായും തിരഞ്ഞെടുത്തു.
ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇന്നലെ രാവിലെയാണ് കെ.വി.ശ്രീകുമാർ യു.ഡി.എഫിന് പിൻതുണ പ്രഖ്യാപിച്ചത്. ഭരണത്തിൽ എത്താൻ സ്വതന്ത്രന്റെ പിൻതുണ ആവശ്യമായിരുന്ന സാഹചര്യത്തിൽ മൂന്ന് മുന്നണികളും കെ.വി.ശ്രീകുമാറിന് ചെയർമാൻ സ്ഥാനം നൽകി കൂടെനിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ബി.ജെ.പിയോടൊപ്പം ചേരാൻ തുടക്കംമുതൽ വിമുഖത വ്യക്തമാക്കിയിരുന്ന കെ.വി.ശ്രീകുമാർ എൽ.ഡി.എഫുമായി ഞായറാഴ്ച വൈകിട്ട് വരെ ചർച്ച നടത്തിയിരുന്നു. ജനാധിപത്യ കേരള കോണഗ്രസ് അംഗം ബിനു വർഗീസും ചെയർമാൻ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചതോടെ രണ്ടുപേർക്കും തുല്യമായി ചെയർമാൻ സ്ഥാനം വീതിച്ച് നൽകാൻ ധാരണയായിരുന്നു. എന്നാൽ ആദ്യ ടേം നൽകണമെന്ന ആവശ്യത്തിൽ രണ്ടുപേരും വിട്ടുവീഴ്ച ചെയ്യാതിരുന്നതാണ് ചർച്ച വഴിമുട്ടാൻ കാരണം. ഇതോടെ യു.ഡി.എഫുമായി യോജിച്ച് പോകാൻ കെ.വി.ശ്രീകുമാർ തീരുമാനിക്കുകയായിരുന്നു. ആദ്യ മൂന്ന് വർഷമാണ് യു.ഡി.എഫ് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഓരോ വർഷം കോൺഗ്രസ് അംഗങ്ങൾ ചെയർമാൻമാരാകും. വൈസ് ചെയർമാൻ സ്ഥാനം ആദ്യ രണ്ടര വർഷം ലളിതാ രവീന്ദ്രനാഥിനും തുടർന്നുള്ള രണ്ടര വർഷം കൃഷ്ണകുമാരിക്കും നൽകും.
ഒറ്റ വോട്ടിന് സ്വതന്ത്രൻ ചെയർമാൻ
ഇന്നലെ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ ആയിരുന്ന ലീലാ അഭിലാഷിന്റെ പേരാണ് എൽ.ഡി.എഫ് ചെയർമാൻ സ്ഥനത്തേക്ക് നിർദ്ദേശിച്ചത്. സി.പി.എം അംഗങ്ങളായ ശ്യാമളദേവി നാമനിർദ്ദേശം ചെയ്യുകയും പുഷ്പാസുരേഷ് പിൻതാങ്ങുകയും ചെയ്തു. മുൻ പ്രതിപക്ഷ നേതാവ് എസ്.രാജേഷിനെയാണ് ബി.ജെ.പി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിച്ചത്. മേഖനാഥ്.എസ് നാമനിർദ്ദേശം ചെയ്യുകയും വിജയമ്മ ഉണ്ണികൃഷ്ണൻ പിൻതാങ്ങുകയും ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപനാണ് കെ.വി ശ്രീകുമാറിന്റെ പേര് നിർദ്ദേശിച്ചത്. നൈനാൻ.സി.കുറ്റിശി പിൻതാങ്ങി. വോട്ടെടുപ്പിൽ കെ.വി ശ്രീകുമാറിന് പത്ത് വോട്ടുകളും മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കും ഒൻപത് വോട്ടുകളും ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെ എസ്.രാജേഷ് പുറത്തായതോടെ ലീലാ അഭിലാഷും കെ.വി ശ്രീകുമാറും തമ്മിലുള്ള മത്സരം നടന്നു. വോട്ടെടുപ്പിൽ ബി.ജെ.പി അംഗങ്ങൾ വോട്ടുകൾ അസാധുവാക്കി. കെ.വി ശ്രീകുമാറിന് പത്ത് വോട്ടുകളും ലീലാ അഭിലാഷിന് 9 വോട്ടുകളും ലഭിച്ചതോടെ കെ.വി ശ്രീകുമാറിനെ ചെയർമാനായി തിരഞ്ഞെടുത്തു.
ഒറ്റ വോട്ടിന് വൈസ് ചെയർപേഴ്സൺ സ്ഥാനം
ഉച്ചകഴിഞ്ഞ് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ നിന്ന് ബിജി അനിൽ കുമാറിന്റെ പേര് വിമല കോമളൻ നിർദ്ദേശിച്ചു. കവിതാ ശ്രീജിത്ത് പിൻതാങ്ങി. ബി.ജെ.പിയിൽ നിന്ന് വിജയമ്മ ഉണ്ണികൃഷ്ണന്റെ പേര് ഉമയമ്മ വിജയകുമാർ നിർദ്ദേശിച്ചു. സി.കെ ഗോപകുമാർ പിൻതാങ്ങി. യു.ഡി.എഫിൽ നിന്ന് ലളിതാ രവീന്ദ്രനാഥിന്റെ പേര് അനി വർഗീസ് നിർദ്ദേശിച്ചു. കൃഷ്ണകുമാരി പിൻതാങ്ങി. ലളിതാ രവീന്ദ്രനാഥിന് പത്ത് വോട്ടുകളും മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കും 9 വോട്ടുകളും ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെ ബിജി അനിൽ കുമാർ പുറത്തായതോടെ ലളിതാ രവീന്ദ്രനാഥും വിജയമ്മ ഉണ്ണികൃഷ്ണനും തമ്മിലുള്ള മത്സരം നടന്നു. വോട്ടെടുപ്പിൽ നിന്ന് എൽ.ഡി.എഫ് വിട്ടുനിന്നു. വോട്ടെടുപ്പിൽ ലളിതാ രവീന്ദ്രനാഥിന് പത്ത് വോട്ടുകളും വിജയമ്മ ഉണ്ണികൃഷ്ണന് 9 വോട്ടുകളും ലഭിച്ചതോടെ ലളിതാ രവീന്ദ്രനാഥിനെ വൈസ് ചെയർമാനായി തിരഞ്ഞെടുത്തു.