photo

ചേർത്തല: നഗരസഭയിൽ സി.പി.എമ്മിലെ ഷേർളി ഭാർഗവൻ ചെയർപേഴ്‌സണായും സി.പി.ഐയിലെ ടി.എസ്.അജയകമാർ വൈസ്‌ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.1953 മുതൽ പ്രവർത്തനം ആരംഭിച്ച ചേർത്തല നഗരസഭയുടെ 1 18-ാമത്തെ ചെയർപേഴ്‌സണാണ് ഷേർളി ഭാർഗവൻ .
35 അംഗ കൗൺസിലിൽ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ 10നെതിരെ 22 വോട്ടുകൾക്കാണ് ഷേർളിഭാർഗവൻ കോൺഗ്രസിലെ ജി.പ്രമീളാദേവിയെ തോൽപ്പിച്ചത്.ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ആശാമുകേഷിന് മൂന്നു വോട്ടുകിട്ടി.ഒമ്പതാം വാർഡിൽ നിന്നും വിജയിച്ച സി.പി.എം വിമതൻ പി.എസ്.ശ്രീകുമാർ രണ്ടു തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്തു.തിരഞ്ഞെടുപ്പിന് ശേഷം വരണാധികാരി പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർ ബി.വിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ടി.എസ്.അജയകുമാറും 10നെതിരെ 22 വോട്ടുകൾക്കാണ് കോൺഗ്രസിലെ ബി.ഭാസിയെ തോൽപ്പിച്ചത്.ബി.ജെ.പിസ്ഥാനാർത്ഥിയായി മത്സരിച്ച വിന്ദ മിത്രാഭായിക്ക് മൂന്നു വോട്ടുലഭിച്ചു.
എട്ടാംവാർഡ് കുളത്രക്കാട്ടുനിന്നുളള പ്രതിനിധിയാണ് സി.പി.എം ചേർത്തല ഏരിയാകമ്മി​റ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റും സി.ഐ.ടി.യു ജില്ലാകമ്മി​റ്റിയംഗവുമായ ഷേർളിഭാർഗവൻ മൂന്നാം തവണയാണ് കൗൺസിലിലെത്തുന്നത്.
താലൂക്കാശുപത്രിയെ പഴയ പ്രതാപത്തിലേയ്ക്ക് ഉയർത്തി കൊണ്ടുവന്ന് ജില്ലാആശുപത്രിയായി മാറ്റുന്നതിന് മുഖ്യപരിഗണന നൽകുമെന്ന് ചുമതലയേ​റ്റശേഷം ഷേർളിഭാർഗവൻ പറഞ്ഞു.തൊഴിലുറപ്പ് പദ്ധതി വിപുലീകരണത്തിനുംകുടിവെള്ള വിതരണത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ആധുനിക ശ്മശാനനിർമ്മാണം പൂർത്തിയാക്കാനും നടപടികൾ സ്വീകരിക്കും.മാലിന്യ നിർമ്മാർജ്ജനവും പ്രവർത്തനമായി ഏറ്റെടുക്കുമെന്നും ഷേർളി ഭാർഗവൻ പറഞ്ഞു.
14ാം വാർഡ് ചക്കരക്കുളത്തുനിന്നുള്ള പ്രതിനിധിയാണ് സി.പി.ഐയിലെ ടി.എസ്.അജയകുമാർ.രണ്ടാം തവണയാണ് കൗൺസിലിലെത്തുന്നത്.സി.പി.ഐ ചേർത്തലമണ്ഡലം കമ്മിറ്റി അംഗം,കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം,സിവിൽ സപ്ലൈസ് വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി താലൂക്ക് പ്രസിഡന്റ്,ഇപ്റ്റ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.എ.ഐ.എസ്.എഫ്,എ.ഐ.വൈ.എഫ്ജില്ലാ കമ്മിറ്റി അംഗമായിരുന്ന അജയകുമാർ ചേർത്തല ശ്രീനാരായണ കോളേജിൽ ആർട്സ് ക്ലബ് സെക്രട്ടറിയായും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.