
ആലപ്പുഴ:ആലപ്പുഴ നഗരത്തെ മനോഹര നഗരമാക്കി , ജനങ്ങൾക്ക് പരമാവധി സേവനങ്ങൾ ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇന്നലെ ചുമതലയേറ്റ ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ ഇന്ദുവിനോദ് (സൗമ്യരാജ്) കേരള കൗമുദിയോട് പറഞ്ഞു.തന്നെ ഈ ചുമതല ഏൽപ്പിച്ച പാർട്ടിയുമായി ആലോചിച്ചും മറ്രു കൗൺസിലർമാരുടെയും പിന്തുണയോടെയുമാവും എല്ലാ പദ്ധതികൾക്കും രൂപം നൽകുകയെന്നും അവർ പറഞ്ഞു.ചെയർപേഴ്സന്റെ വാക്കുകൾ.
അഴകോടെ ആലപ്പുഴ
ആലപ്പുഴയെ കൂടുതൽ മനോഹരവും ശുചിത്വവുമുള്ള നഗരമാക്കി മാറ്രി , പഴയകാല പ്രതാപത്തിലേക്ക് മടക്കി കൊണ്ടുവരിക സ്വപ്നമാണ്. അതിന് മനസിലുള്ള പദ്ധതിയാണ് 'അഴകോടെ ആലപ്പുഴ'.
ലേബർബാങ്ക് രൂപീകരണം
നഗരത്തിലെ തൊഴിലാളി ക്ഷാമത്തിന് പരിഹാരമായി മനസിലുള്ള പദ്ധതിയാണ്. എല്ലാത്തരം തൊഴിൽ ചെയ്യുന്നവരെയും നഗരസഭയിൽ രജിസ്റ്റർ ചെയ്യിച്ച് ഒരു ലേബർ ബാങ്കുണ്ടാക്കും. തൊഴിലാളികളെ ആവശ്യമായി വരുന്നവർ ഫോണിൽ വിവരമറിയിച്ചാൽ ഉത്തരവാദിത്വത്തോടെ തൊഴിലാളികളെ എത്തിക്കും.
ആനുകൂല്യങ്ങൾക്ക് ആപ്പ്
നഗരസഭ വഴി ലഭ്യമാവുന്ന ആനുകൂല്യങ്ങളെക്കുറിച്ച് യഥാസമയം അറിയിക്കാനും അവ വിതരണം ചെയ്യാനും പ്രത്യേക മൊബൈൽ ആപ്പ് മനസിലുള്ള പദ്ധതിയാണ്. നഗരസഭയിൽ നിന്ന് വേണ്ട പരമാവധി സേവനങ്ങൾ ഇതിലൂടെ ജനങ്ങളിലേക്ക് എത്തും.
മാലിന്യസംസ്കരണം
ആലപ്പുഴ നഗരം നേരിടുന്ന വലിയ വെല്ലുവിളിയാണ് മാലിന്യപ്രശ്നം. ഉറവിട മാലിന്യ സംസ്കരണത്തിലൂടെ 'സീറോ വേസ്റ്ര്'എന്നതാണ് സങ്കൽപ്പം.ജൈവ-അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയുടെയും മറ്റും സഹകരണത്തോടെ ശേഖരിച്ച് സംസ്കരിക്കുകയാണ് ലക്ഷ്യം. എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്കരണ യൂണിറ്രുകൾ നിർബന്ധമാക്കും.
തെരുവു നായ്ക്കൾ
നഗരത്തിലെ ജനങ്ങളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന വിഷയമാണ് തെരുവു നായ ശല്യം.തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാൻ നിലവിൽ പദ്ധതിയുണ്ട്.അത് കുറച്ചുകൂടി കാര്യക്ഷമമാക്കും.എല്ലാവർക്കും പാർപ്പിടമെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം നഗരസഭയിലും പ്രാവർത്തികമാക്കാൻ ശ്രമിക്കും.
കൂടുതൽ ഡയാലിസിസ് യൂണിറ്റുകൾ
ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡയാലിസിസ് യൂണിറ്റുകൾ ഇപ്പോഴില്ല. യൂണിറ്റുകളുടെ എണ്ണം കൂട്ടണം.സർക്കാരിന്റെ എല്ലാ സഹായവും ഉണ്ടെങ്കിലും ഇപ്പോഴും ജനറൽ ആശുപത്രിക്ക് ചില പരിമിതികൾ ഉണ്ട്. എന്തെല്ലാമെന്ന് കണ്ടെത്തി അതിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കും. ഇ.എം.എസ് സ്റ്റേഡിയത്തിന്റെ പൂർത്തീകരണവും വലിയ സ്വപ്നമാണ്.