 
ഹരിപ്പാട്: ഹരിപ്പാട് നഗരസഭാ ചെയർമാനായി കെ.എം രാജു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ചെയർമാൻ ആരെന്ന തീരുമാനം ഉണ്ടായത്. വൈസ് ചെയർപേഴ്സണായി അഞ്ചാം വാർഡിൽ നിന്നും വിജയിച്ച ശ്രീജാകുമാരിയും ചുമതല ഏറ്റു. വരണാധികാരിയായ ഡയറി ഡെപ്യൂട്ടി ഡയറക്ടർ അനുപമ അറുമുഖന്റെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. 29 അംഗങ്ങളിൽ യു.ഡി.എഫിന് പതിനാലും, എൽ. ഡി. എഫിന് പത്തും, ബി.ജെ.പിക്ക് അഞ്ചും അംഗങ്ങളാണ് ഉള്ളത്. ചെയർമാൻ സ്ഥാനത്തേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് എസ്. കൃഷ്ണകുമാർ ആണ്. ബി.ജെ.പി സ്ഥാനാർത്ഥിയായി സുഭാഷിണിയും മത്സരിച്ചു. ഇവർക്ക് യഥാക്രമം പത്തും, അഞ്ചും വോട്ടുകൾ വീതം ലഭിച്ചു. ഹരിപ്പാട് നഗരസഭയിലെ യു.ഡി.എഫിന്റെ ഏറ്റവും മുതിർന്ന അംഗമാണ് കെ എം രാജു. ഇത് രണ്ടാം തവണയാണ് അദ്ദേഹം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി, സേവാദൾ ജില്ലാ ചെയർമാൻ സംസ്ഥാന സെക്രട്ടറി കൂടാതെ കയർഫെഡ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്, കയർ ബോർഡ് ഹരിപ്പാട് ക്ലസ്റ്റർ ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്നു. പ്രഥമ ഹരിപ്പാട് നഗരസഭയിലെ വൈസ് ചെയർമാനായിരുന്നു. വൈസ് ചെയർപേഴ്സൺ ആയി ചുമതലയേറ്റ ശ്രീജ കുമാരി നഗരസഭയിലെത്തുന്നത് ഇതാദ്യമായാണ്. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് എൽ. ഡി. എഫിലെ എസ്. രാധാമണിയമ്മയും ബി.ജെ.പിയിലെ ലതാ കണ്ണന്താനവും ആണ് മത്സരിച്ചത്. നഗരസഭയിലെ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ നാലു വർഷത്തേക്ക് ആണ് ഇപ്പോൾ നൽകിയിരിക്കുന്നത്. തുടർന്നുള്ള ഒരു വർഷം ചെയർമാൻ സ്ഥാനം കെ.കെ രാമകൃഷ്ണനും വൈസ് ചെയർമാൻ സ്ഥാനം സുബി പ്രജിത്തിനും നൽകാനാണ് നിലവിലെ ധാരണ.