
ആലപ്പുഴ: കുട്ടികളുടെ അശ്ലീല വീഡിയോകളടക്കം പ്രചരിപ്പിക്കുന്നവരെ പിടികൂടുന്നതിന് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ ജില്ലയിൽ മദ്ധ്യവയസ്ക്കൻ ഉൾപ്പടെ നാലു പേർ അറസ്റ്റിലായി. മാരാരിക്കുളം എസ്.എൽ പുരം സ്വദേശി എം.എം. രാജു ( 57), മണ്ണഞ്ചേരി സ്വദേശി അശ്വിൻ (22), തൃക്കുന്നപ്പുഴ സ്വദേശി നന്ദു (22), വീയപുരം സ്വദേശി ഹരികുമാർ (27) എന്നിവരാണ് അറസ്റ്റിലായത്. വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ 43 സ്മാർട് ഫോണുകൾ പിടിച്ചെടുത്ത് പരിശോധനയ്ക്കയച്ചു. പിടിയിലായവർക്കെതിരെ പോക്സോ നിയമപ്രകാരമാണ് നടപടി .
ഗൂഗിൾ ക്രോം ഉൾപ്പെടെയുള്ള ബ്രൗസറുകളിലൂടെയും വാട്സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെയും കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നവരുടെയും പങ്കുവെക്കുന്നവരുടെയും ഫോണുകൾ സൈബർസെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. ഐ.ടി.നിയമം 67 ബി പ്രകാരമാണ് നടപടി. കുട്ടികളുടെ ദൃശ്യങ്ങളാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത കേസുകളിലാണ് ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തത്. ആർ.ഡി.ഒ.വഴിയാണ് ഫോണുകൾ ഫൊറൻസിക് ലാബിലേക്ക് അയക്കുന്നത്.